തൊഴില്‍ സംരംഭകര്‍ക്ക് ഈടില്ലാത്ത വായ്പയുമായി കെഎഫ്‌സി

Posted on: September 15, 2020

തിരുവനന്തപുരം : കോവിഡിന്റെ പശ്ചാത്തലത്തില്‍ വിവിധ തൊഴില്‍ സംരംഭകര്‍ക്കായി സംരംഭകത്വ വികസന പദ്ധതിയുമായി കേരള ഫിനാന്‍ഷല്‍ കോര്‍പറേഷന്‍. 2021 മാര്‍ച്ചിനകം 1000 സംരംഭകര്‍ക്കു 300 കോടി രൂപ ഏഴുശതമാനം പലിശ നിരക്കില്‍ വായ്പ നല്‍കുമെന്ന് കെഎഫ്‌സി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ  ടോമിന്‍ ജെ. തച്ചങ്കരി പത്രസമ്മേളനത്തില്‍ അറിയിച്ചു.

പത്ത് ശതമാനമാണ് പലിശ. എന്നാല്‍ മൂന്നുശതമാനം സര്‍ക്കാര്‍ സബ്‌സിഡിയായി നല്‍കും. ഫലത്തില്‍ ലോണെടുക്കുന്ന ആൾ ഏഴുശതമാനം പലിശ മാത്രമേ അടയ്‌ക്കേണ്ടി വരികയുള്ളു. ലോണെടുക്കുന്നവരില്‍ രണ്ടുവര്‍ഷം വരെ വിദേശ രാജ്യത്ത് ജോലിചെയ്യുകയും അതു മതിയാക്കി നാട്ടിലെത്തിയവരുമാണെങ്കില്‍ മൂന്നുശതമാനം സബ്‌സിഡി നോര്‍ക്ക റൂട്ട്‌സ് നല്‍കും.

അവരുടെ പ്രത്യേക പദ്ധതിയുടെ ഭാഗമായാണിത്. അങ്ങനെ വരുമ്പോള്‍ വെറും നാലുശതമാനം മാത്രമേ  പലിശ അടയ്‌ക്കേണ്ടതുള്ളു. നോര്‍ക്കയുടെ പദ്ധതി പ്രകാരം ലോണെടുത്തയാള്‍ക്ക് കൃത്യമായ സമയത്തിനുള്ളില്‍ തിരിച്ചടവുനടത്തിയാല്‍ അക്കൗണ്ടിലേക്ക്  മൂന്നുശതമാനം സബ്‌സിഡി തുക എത്തും.

പദ്ധതി പ്രകാരം ഒരാള്‍ക്ക് 50 ലക്ഷം രൂപവരെയാണ് വായ്പ ലഭിക്കുക. സംരംഭകര്‍ക്കു കൂടുതല്‍ തുക ആവശ്യമുണ്ടെങ്കില്‍ സിഎംഇഡിപി സ്‌കീമിനു പുറമേ മറ്റു സ്‌കീമുകളിലും അപേക്ഷിക്കാം. ഐടി സംരംഭകര്‍ക്കു സ്വന്തമായി ഓഫീസ് ഇല്ലെങ്കിലും ലോണ്‍ അനുവദിക്കും.

 

TAGS: KFC |