യു. എ. ഇ. എക്‌സ്‌ചേഞ്ച് പണം അയക്കുന്നത് നിര്‍ത്തിവെച്ചു

Posted on: March 17, 2020


ദുബായ് : ധനവിനിമയ സ്ഥാപനമായ യു. എ. ഇ. എക്‌സ്‌ചേഞ്ച് ഇടപാടുകാരില്‍നിന്ന് പണം സ്വീകരിച്ച് അയക്കുന്നത് താത്കാലികമായി നിര്‍ത്തിവെച്ചു. പ്രവര്‍ത്തനം സംബന്ധിച്ചുള്ള ചില വെല്ലുവിളികള്‍ കാരണമാണ് ഈ നടപടിയെന്ന് കമ്പനി പത്രക്കുറിപ്പില്‍ അറിയിച്ചു.

നിലവില്‍ ബാക്കിയായ ഇടപാടുകളെല്ലാം പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍. ഇടപാടുകാരുടെ സംശയങ്ങള്‍ ദൂരീകരിക്കാനായി ശാഖകളും ഉപഭോക്തൃസേവന കേന്ദ്രങ്ങളും തുറന്നു പ്രവര്‍ത്തിക്കും. ഇടപാടുകാര്‍ക്കുണ്ടായ പ്രയാസത്തില്‍ ഖേദിക്കുന്നതായും പത്രക്കുറിപ്പില്‍ പറയുന്നു. ഡോ. ബി. ആര്‍. ഷെട്ടി സ്ഥാപിച്ച യു. എ. ഇ. എക്‌സ്‌ചേഞ്ച് വിദേശ രാജ്യങ്ങളില്‍ യൂനിമണി എന്നപേരിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഷെട്ടിയുടെതന്നെ നേതൃത്വത്തിലുള്ള ആശുപത്രി ശൃംഖലയായ എന്‍. എം. സി. ഹെല്‍ത്ത് കെയര്‍ ലണ്ടന്‍ ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്തിരുന്നു.

ഓഹരികളുടെ മൂല്യം സംബന്ധിച്ച ആരോപണങ്ങളെത്തുടര്‍ന്ന് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ബി. ആര്‍. ഷെട്ടിയും സി. ഇ. ഒ. പ്രശാന്ത് മങ്ങാട്ടും ഏതാനും ദിവസംമുമ്പ് രാജിവെച്ചിരുന്നു.

TAGS: UAE Exchange |