ഇന്‍ഫോസിസിന് യു. എന്‍. പുരസ്‌കാരം

Posted on: December 12, 2019

ബംഗലുരു : കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാന്‍ സഹായകമായ പരിസ്ഥിതി പ്രവര്‍ത്തനത്തിന് പ്രമുഖ ഐ.ടി സ്ഥാപനമായ ഇന്‍ഫോസിസിന് യു. എന്‍. ഗ്ലോബല്‍ ക്ലൈമറ്റ് ആക്ഷന്‍ അവാര്‍ഡ്.

ക്ലൈമറ്റ് ന്യുട്രല്‍ നൗ വിഭാഗത്തിലാണ് പുരസ്‌ക്കാരം. സ്‌പെയിനില്‍ നടന്ന യു. എന്‍. കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിലാണ് പുരസ്‌ക്കാരം പ്രഖ്യാപിച്ചത്. ഈ പുരസ്‌ക്കാരം സ്വന്തമാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കമ്പനിയാണ് ഇന്‍ഫോസിസ്.

കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള മികച്ച പ്രവര്‍ത്തനങ്ങള്‍ക്കാണ് യു. എന്‍. ക്ലൈമറ്റ് ആക്ഷന്‍ അവാര്‍ഡുകള്‍ നല്‍കുന്നത്. അന്തരീക്ഷത്തില്‍ കാര്‍ബണിന്റെ അളവ് കുറയ്ക്കുന്നതിനുള്ള (കാര്‍ബണ്‍ ന്യൂട്രല്‍) ശ്രമങ്ങളിലെ മികവ് കണക്കിലെടുത്താണ് അംഗീകാരം. സമൂഹത്തിന്റെ സുസ്ഥിരമായ വികസനം ലക്ഷ്യം വെച്ച് നടപ്പാക്കുന്ന പദ്ധതികളും പരിഗണിച്ചു.

കാര്‍ബണ്‍ ന്യൂട്രാലിറ്റി രംഗത്തെ ഇന്‍ഫോസിസിന്റെ പ്രവര്‍ത്തനം പ്രചോദനം നല്‍കുന്നതാണെന്ന് യു. എന്‍. പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. കമ്പനിയുടെ പാരിസ്ഥിതിക ജാഗ്രതയ്ക്കുള്ള അംഗീകാരമായാണ് പുരസ്‌ക്കാരത്തെ കാണുന്നതെന്ന് ഇന്‍ഫോസിസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ പ്രവീണ്‍ റാവു പറഞ്ഞു.

അന്തരീക്ഷത്തിലെ കാര്‍ബണിന്റെ അളവ് കുറയ്ക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനും ലക്ഷ്യമിട്ട് 2015- ലാണ് യു. എന്‍. ക്ലൈമറ്റ് ന്യൂട്രല്‍ നൗ എന്ന പദ്ധതി ആരംഭിച്ചത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ദൂഷ്യഫലങ്ങള്‍ ഒഴിവാക്കുന്നതിന് സര്‍ക്കാരുകളെയും സ്ഥാപനങ്ങളെയും സംഘടനകളെയും പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.

TAGS: Infosys |