സി എസ് ഇ ക്ക് ഇന്ദിരാഗാന്ധി പുരസ്‌കാരം സമ്മാനിച്ചു

Posted on: November 21, 2019

ന്യൂഡൽഹി : പരിസ്ഥിതി സംരക്ഷണം-സുസ്ഥിര വികസന രംഗത്തെ മികവിന് സെന്റർ ഫോർ സയൻസ് ആൻഡ് എൻവയേൺമെന്റിന് ഇന്ദിരാ ഗാന്ധി പുരസ്‌കാരം സമ്മാനിച്ചു. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ മുൻ ഉപരാഷ്ട്രപതി മുഹമ്മദ് ഹമീദ് അൻസാരി സി എസ് ഇ ഡയറക്ടർ ജനറൽ സുനിത നാരായണ് സമ്മാനിച്ചു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ചടങ്ങിൽ സന്നിഹിതനായിരുന്നു.

സ്റ്റോക്ക്‌ഹോമിൽ 1972 ൽ നടന്ന ആദ്യ ആഗോള പരിസ്ഥിതി സമ്മേളനത്തിൽ പങ്കെടുത്ത ഇന്ദിരാഗാന്ധിയുടെ പേരിലുള്ള പുരസ്‌കാരം ഏറെ അഭിമാനാർഹമായ ഒന്നാണെന്ന് സി എസ് ഇ ഡയറക്ടർ ജനറൽ സുനിത നാരായൺ പറഞ്ഞു. എഴുപതുകളിൽ ജല-വായു സംരക്ഷണ നിയമങ്ങൾ നടപ്പാക്കാൻ ഇന്ദിരാഗാന്ധി കാണിച്ച ദീർഘവീക്ഷണം എടുത്തുപറയേണ്ട കാര്യമാണ്. അത്തരം സമീപനങ്ങളാണ് പരിസ്ഥിതി സംരക്ഷണത്തിന് ഇന്നു വേണ്ടതെന്നും സുനിത നാരായൺ ചൂണ്ടിക്കാട്ടി.

നാല് ദശാബ്ദമായ പരിസ്ഥിതി സംരക്ഷണ-ബോധവത്കരണ രംഗത്ത് സി എസ് ഇ നടത്തിവരുന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് പുരസ്‌കാരമെന്ന് ജൂറി വിലയിരുത്തി.