സി എസ് ഇ ഹരിത സ്‌കൂൾ പട്ടികയിൽ കേരളത്തിൽ നിന്ന് 7 വിദ്യാലയങ്ങൾ

Posted on: February 9, 2020

ന്യൂഡൽഹി : സെന്റർ ഫോർ സയൻസ് ആൻഡ് എൻവയേൺമെന്റ് ദേശീയ തലത്തിൽ തയാറാക്കിയ 172 ഹരിതസ്‌കൂളുകളുടെ പട്ടികയിൽ കേരളത്തിൽ നിന്ന് 7 വിദ്യാലയങ്ങൾ.

മോൺഫോർട്ട് വാലി സീനിയർ ഹയർസെക്കൻഡറി സ്‌കൂൾ (മുരിക്കുംതൊട്ടി, ഇടുക്കി), ബിഷപ്പ് ഹോഡ്ജസ് ഹയർ സെക്കൻഡറി സ്‌കൂൾ (ആലപ്പുഴ), സിഎംഎസ് ഹൈസ്‌കൂൾ (മുണ്ടക്കയം, കോട്ടയം), സിഎംഎസ് എൽപി സ്‌കൂൾ (എണ്ണൂറാംവയൽ, പത്തനംതിട്ട), കേന്ദ്രീയ വിദ്യാലയ (വയനാട്), കേന്ദ്രീയ വിദ്യാലയ ആർമി കന്റോൺമെന്റ് (പാങ്ങോട്, തിരുവനന്തപുരം), കേന്ദ്രീയ വിദ്യാലയ (പയ്യന്നൂർ, കണ്ണൂർ) എന്നീ സ്‌കൂളുകളാണ് ഗ്രീൻ സ്‌കൂൾ പുരസ്‌കാരത്തിന് അർഹത നേടിയത്.

മാലിന്യസംസ്‌കരണം, ഹരിതവത്കരണം, ജൈവകൃഷി, സൗരോർജ ഉപയോഗം, ബയോഗ്യാസ് തുടങ്ങിയ മേഖലകളിലെ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് മികച്ച ഹരിത സ്‌കൂളുകളെ തെരഞ്ഞെടുത്തത്.