ലുലു നേച്ചർ ഫസ്റ്റിന് തുടക്കമായി

Posted on: June 4, 2016

Lulu-Nature-First-LogoBig

കൊച്ചി : പ്രകൃതിസംരക്ഷണസന്ദേശവുമായി ലുലു ഗ്രൂപ്പ് നടപ്പിലാക്കുന്ന നേച്ചർ ഫസ്റ്റ് 2016 ന് തുടക്കമായി. ഒരുവർഷത്തെ നേച്ചർ ഫസ്റ്റിൽ സുസ്ഥിര പ്രകൃതി സംരക്ഷണമാർഗ്ഗങ്ങൾക്കാണ് പ്രാധാന്യം നൽകുന്നത്. എറണാകുളം, തൃശൂർ ജില്ലകളിലെ ലുലു ഗ്രൂപ്പിന്റെ വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ നേതൃത്വത്തിൽ പൊതുജനങ്ങളെ കൂടി പങ്കാളികളാക്കി പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങൾ നടക്കും.

ഇതിനോടനുബന്ധിച്ച് ലുലുമാളിൽ അപൂർവ വൃക്ഷങ്ങളുടെ പ്രദർശനം, സംസ്ഥാനത്തെ പ്രമുഖ ഫോട്ടോഗ്രാഫർമാർ പങ്കെടുക്കുന്ന വന്യജീവി ഫോട്ടോഗ്രാഫി പ്രദർശനം, വൃക്ഷത്തൈ വിതരണം എന്നിവയ്ക്ക് തുടക്കമായി. ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ന് ലുലു നേച്ചർ ഫസ്റ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നടക്കും.

നേച്ചർ ഫെസ്റ്റിന്റെ ഭാഗമായി കൊച്ചി ബിനാലെയുമായി സഹകരിച്ച് ബിനാലെയുടെ മാസ്റ്റർപീസ് സ്റ്റുഡിയോ ജൂൺ 5 മുതൽ 15 വരെ ലുലുമാളിൽ പ്രവർത്തിക്കും. പ്രമുഖ ശിൽപി രഘുനന്ദൻ ഈ ദിവസങ്ങളിൽ പ്രകൃതിസംരക്ഷണവുമായി ബന്ധപ്പെട്ട കളിമൺശിൽപങ്ങൾ തീർക്കും. ദിവസവും വൈകുന്നേരം 3 മുതൽ 5 വരെയാണ് സ്റ്റുഡിയോ പ്രവർത്തിക്കുക.

ആട്രിയത്തിൽ തുടങ്ങി മാളിലെ എല്ലാ പ്രമുഖസ്ഥലങ്ങളും പ്രകൃതിസംരക്ഷണ ആശയങ്ങൾ പ്രചരിപ്പിക്കുവാനായി വിനിയോഗിച്ചിരിക്കുന്നു. വൃക്ഷത്തൈ വിതരണം, അപൂർവവൃക്ഷങ്ങളുടെ പ്രദർശനം, പ്രമുഖ ഫോട്ടോഗ്രാഫർമാർ പങ്കെടുക്കുന്ന വന്യജീവി ഫോട്ടോഗ്രാഫി പ്രദർശനം, എന്നിവ മാളിന്റെ താഴത്തെ നിലയിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. നഗരം ശുചിയായി സൂക്ഷിക്കാൻ പ്രയത്‌നിക്കുന്ന ശുചീകരണ പ്രവർത്തകരെജൂൺ 5 ന് നടക്കുന്ന ചടങ്ങിൽ അഭിനന്ദിക്കും.

സമാന്തരഊർജ്ജശ്രോതസുകളെകുറിച്ച് ബോധവത്കരിക്കാൻ എക്‌സർസൈസ് ഉപകരണങ്ങളിൽ നിന്നുളള ഊർജ്ജ ഉത്പാദനം, സ്‌കൂളുകളിലും കോളേജുകളിലുമുള്ള ബോധവത്കരണം, ലുലു ഹൈപ്പർമാർക്കറ്റിന്റെ നേതൃത്വത്തിൽ ജൈവ ഉത്പന്നങ്ങളുടെ വിപണനം എന്നിവയും ഈ ദിവസങ്ങളിൽ നടക്കുമെന്ന് ലുലു ഗ്രൂപ്പ് ഡയറക്ടർ എം എ നിഷാദ്, ലുലുമാൾ ബിസിനസ് ഹെഡ്ഷിബു ഫിലിപ്‌സ് എന്നിവർ അറിയിച്ചു.