സര്‍വകലാശാലകളില്‍ കായിക വൈജ്ഞാനിക കോഴ്‌സുകള്‍ വരുന്നു

Posted on: January 27, 2024

തിരുവനന്തപുരം : കായിക മേഖലയുമായി ബന്ധപ്പെട്ട സ്‌പോര്‍ട്‌സ് എഞ്ചിനീയറിംഗ്, സ്‌പോര്‍ട്‌സ് മെഡിസിന്‍, സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് കോഴ്‌സുകള്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍വകലാശാലകളിലും അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതായി ഉന്നതവിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ ഭാഗമായി ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന സ്‌പോര്‍ട്‌സ് എക്‌സലന്‍സ് സെഷനില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കായിക മേഖലയില്‍ നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ഈ രംഗത്തെ വിദഗ്ധരെ ഉപയോഗപ്പെടുത്തി പരിശീലന പദ്ധതികള്‍ നടപ്പിലാക്കാനാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

പുതുതായി അവതരിപ്പിക്കുന്ന നാലു വര്‍ഷ ബിരുദ കോഴ്‌സുകളുടെ കരിക്കുലത്തില്‍ സ്‌പോര്‍ട്‌സും ഉള്‍പ്പെടുത്തും. കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലും മികച്ച സംവിധാനങ്ങളുള്ള സ്റ്റേഡിയങ്ങള്‍ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. കായിക മേഖലയുടെ വളര്‍ച്ചയ്ക്ക് അനുഗുണമാകുന്ന സമീപനങ്ങളാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റേതെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞകാലങ്ങളിലേതു പോലെ മികച്ച കായിക താരങ്ങളെ രാജ്യത്തിന് സംഭാവന ചെയ്യാന്‍ നമുക്ക് കഴിയണം. അതിനുള്ള സമഗ്രമാറ്റത്തിന് ഈ ഉച്ചകോടി നാന്ദി കുറിക്കുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

ചര്‍ച്ചയില്‍ ഡോ. രാജശ്രീ, അര്‍ജുന അവാര്‍ഡ് ജേതാവ് ജോര്‍ജ് തോമസ്, ടെക്‌നോപാര്‍ക്ക് സിഇഒ കേണല്‍ സജീവ് നായര്‍, ലോകബൊറോ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ മാര്‍ക്ക് ആര്‍തര്‍ കിംഗ്, ഇറാനില്‍ നിന്നുള്ള സ്‌പോര്‍ട്‌സ് ബിസിനസ് മാനേജ്‌മെന്റ് വിദഗ്ധന്‍ കാമിയാര്‍ വദന്‍കേത്തര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.