പ്രമുഖ അമേരിക്കന്‍ സര്‍വ്വകലാശാലകളുമായി കൈകോര്‍ത്ത് സ്റ്റഡി ഗ്രൂപ്പ്

Posted on: December 19, 2023

കൊച്ചി : മൂന്ന് പ്രമുഖ അമേരിക്കന്‍ സര്‍വ്വകലാശാലകളുമായി കൈകോര്‍ത്ത് മുന്‍നിര അന്താരാഷ്ട്ര എഡ്യൂക്കേഷന്‍ സ്‌പെഷ്യലിസ്റ്റുകളായ സ്റ്റഡി ഗ്രൂപ്പ്. ഒമാഹയിലെ യൂണിവേഴ്സിറ്റി ഓഫ് നബ്രാസ്‌ക, മെരിലാന്‍ഡിലെ ടോസന്‍ യൂണിവേഴ്സിറ്റി, സാന്‍ മാര്‍ക്കോസിലെ കാലിഫോര്‍ണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി എന്നിവയുമായാണ് സ്റ്റഡി ഗ്രൂപ്പ് പുതുതായി പങ്കാളികളാകുന്നത്.

യു.കെ, അയര്‍ലന്റ് പാത്ത് വേ പ്രോഗ്രാമുകളിലെ വിദ്യാര്‍ത്ഥികളിലെ അസാധാരണമായ മുന്നേറ്റങ്ങള്‍ ഉള്‍പ്പെടെ സ്റ്റഡി ഗ്രൂപ്പിന്റെ സമീപകാല നേട്ടങ്ങളുടെ തുടര്‍ച്ചയായാണ് അമേരിക്കന്‍ സര്‍വ്വകലാശാലകളുമായുള്ള സഹകരണം. 2024-ഓടെ അന്താരാഷ്ട്ര സര്‍വ്വകലാശാലകളിലേക്കുള്ള വിദ്യാര്‍ത്ഥികളുടെ പ്രവേശനം വര്‍ധിപ്പിക്കുന്നതിനും ഇവര്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പുതിയ പങ്കാളിത്തം. ഇതിന് പുറമേ ലോക പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണയായ പ്രൊഫ. എലീന റോഡ്രീഗസ് ഫാല്‍ക്കണിനെ സ്റ്റഡി ഗ്രൂപ്പിന്റെ പ്രവോസ്റ്റും ചീഫ് അക്കദമിക് ഓഫീസറുമായും നിയമിച്ചിരുന്നു. നിലവില്‍ 50ലധികം അന്താരാഷ്ട്ര സര്‍വ്വകലാശാലകളുമായി ശക്തമായ പങ്കാളിത്തമുള്ള സ്ഥാപനമാണ് സ്റ്റഡി ഗ്രൂപ്പ്.

പ്രമുഖ അമേരിക്കന്‍ സര്‍വ്വകലാശാലകളുമായുള്ള സഹകരണം ഞങ്ങളുടെ ഗ്ലോബല്‍ സ്ട്രാറ്റജിയിലെ സുപ്രധാന നിമിഷമാണെന്ന് സ്റ്റഡി ഗ്രൂപ്പിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഇയാന്‍ ക്രിച്ച്ടണ്‍ പറഞ്ഞു. വിദേശ വിദ്യാര്‍ത്ഥികളെ വളരെയധികം ആകര്‍ഷിക്കുന്ന പഠന കേന്ദ്രങ്ങളാണ് അമേരിക്കന്‍ സര്‍വ്വകലാശാലകള്‍. ഇവിടേക്കുള്ള വിദ്യാര്‍ത്ഥികളുടെ പ്രവേശനം എളുപ്പമാക്കാനാണ് സ്റ്റഡി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അമേരിക്കയിലെ ലോകോത്തര വിദ്യാഭ്യാസവും തൊഴില്‍ സാധ്യതകളും തുറന്നിടുന്നതില്‍ ഏറെ സന്തോഷമുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കായി പുതിയ കോഴ്‌സുകള്‍ അവതരിപ്പിക്കുമെന്നും ക്രിച്ച്ടണ്‍ വ്യക്തമാക്കി.

TAGS: Study Group |