മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എഡ്യൂക്കേഷന്‍ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മൂന്നാം സ്ഥാനത്ത്

Posted on: July 27, 2019

മണിപ്പാല്‍ :  രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എഡ്യൂക്കേഷന്‍ മൂന്നാം സ്ഥാനത്ത്. ടൈംസ് ഹയര്‍ എഡ്യൂക്കേഷന്‍ പ്രഖ്യാപിച്ച വേള്‍ഡ് റെപ്യൂട്ടേഷന്‍ റാങ്കിംഗിലാണ് എംഎഎച്ച്ഇ മുന്‍നിരയിലെത്തിയത്. ഐഐഎസ് സി ബംഗലുരു, ഐഐടി മദ്രാസ് എന്നിവക്ക് തൊട്ടുപിന്നാലെയാണ് മണിപ്പാലിന്റെ സ്ഥാനം. സ്വകാര്യ മേഖലയില്‍ മണിപ്പാല്‍ അക്കാദമിയാണ് ഒന്നാമത്.

2018 ഫെബ്രുവരി മുതല്‍ 2019 ഫെബ്രുവരി വരെ ഒരു വര്‍ഷക്കാലയളവില്‍ നടന്ന സര്‍വ്വേയിലേക്ക് ലോകമെമ്പാടുമുള്ള 135 രാജ്യങ്ങളില്‍ നിന്നുമായി 11,554 അപേക്ഷകളാണ് എത്തിയത്. അധ്യാപനം, ഗവേഷണം എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് ഓരോ സ്ഥാപനത്തിന്റെയും നിലവാരം നിച്ഛയിക്കുന്നത്. ഇതനുസരിച്ച് മണിപ്പാല്‍ അക്കാദമിക്ക് അധ്യാപനത്തില്‍ 414 ഉം, ഗവേഷണത്തില്‍ 458 റാങ്കും നേടി മൊത്തത്തില്‍ ഉള്ള റാങ്കിങ്ങില്‍ 419 മത് സ്ഥാനത്തേക്ക് ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇത് 704 ആയിരുന്നു. ഇതോടെ ലോകത്തെ ഏറ്റവും മികച്ച 500 സർവകലാശാലകളിൽ  ഒന്നായി മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എഡ്യൂക്കേഷന്‍ മാറി.

കഴിഞ്ഞ അഞ്ചുവര്‍ഷക്കാലമായുള്ള ഞങ്ങളുടെ നിരന്തര പരിശ്രമത്തിന്റെ ഫലമായാണ് മണിപ്പാല്‍ അക്കാദമി ലോകത്തിലെ ഏറ്റവും മികച്ച 500 സര്‍വകലാശാലകളില്‍ ഒന്നായി മാറിയതെന്ന്  മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എഡ്യൂക്കേഷന്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. എച്ച് വിനോദ് ഭട്ട് വ്യക്തമാക്കി. ഈ അവസരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച അധ്യാപകര്‍ അനധ്യാപക ജീവനക്കാര്‍, വിദ്യാര്‍ഥികള്‍ എന്നിവരെ അഭിനന്ദിക്കുന്നു. 2020ല്‍ ഇതിലും മികച്ച ഫലം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി  അദ്ദേഹം കൂട്ടിച്ചേര്‍ത്തു.