ബിസിനസിനപ്പുറമുള്ള ക്ലിക്കുകൾ

Posted on: May 6, 2016

Satheesh-Nair-Big

കശുവണ്ടി ബിസിനസും ഫോട്ടോഗ്രാഫിയും തമ്മിൽ പ്രത്യക്ഷത്തിൽ ബന്ധമൊന്നുമില്ല. എന്നാൽ കൊല്ലത്തെ ഇന്ത്യ ഫുഡ് എക്‌സ്‌പോർട്‌സ് സിഇഒ സതീഷ് നായർക്ക് ഫോട്ടോഗ്രാഫി വെറും ഹോബി മാത്രമല്ല. ജീവിതചര്യയുടെ ഭാഗമാണ്. മത്സരാധിഷ്ഠിതമായ ബിസിനസിൽ മുന്നേറുമ്പോഴും അദേഹം ഫോട്ടോഗ്രാഫിയോടുള്ള അർപ്പണബോധത്തിൽ കുറവ് വരുത്തിയില്ല.

നാല് തലമുറകളായി കശുവണ്ടി വ്യവസായത്തിൽ ഏർപ്പെട്ടിരിക്കുന്നവരാണ് സതീഷിന്റെ കുടുംബം. പിതാവ് പി. ഗോപിനാഥൻ നായർ. മാതാവ് ദേവയാനി അമ്മ. ഏഴാം വയസിൽ മാതാപിതാക്കൾ സമ്മാനിച്ച ബോക്‌സ് ക്യാമറ സതീഷിന്റെ ജീവിതത്തിൽ ഒരു വഴിത്തിരിവായി. മാതാപിതാക്കൾക്ക് വിവാഹസമ്മാനമായി ലഭിച്ചതായിരുന്നു ആ ബ്ലാക്ക് ആൻഡ് വൈറ്റ് ക്യാമറ. ഫിലിം ഉപയോഗിക്കുന്ന ക്യാമറ ഉപയോഗിച്ച് സതീഷ് ആദ്യം തന്റെ വീടും പരിസരവും പകർത്തി. ഊട്ടി ലൗഡേലിലെ ലോറൻസ് സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. അവധിക്കാലത്ത് കൊല്ലത്തെ വീട്ടിൽ എത്തുമ്പോൾ ക്യാമറയുമായി ചിത്രങ്ങൾ പകർത്തും. ഓരോ ചിത്രവും സതീഷിന്റെ മനസിൽ കൂടുതൽ ആവേശം നിറച്ചു.

മണിപ്പാലിൽ ഇലക്ട്രോണിക്‌സ് എൻജിനീയറിംഗിന് ചേർന്നപ്പോഴാണ് ഫോട്ടോഗ്രാഫിയുടെ കൂടുതൽ സാങ്കേതികതകൾ സതീഷ് മനസിലാക്കുന്നത്. നികോൺ എഫ്2 എഎസ് ക്യാമറയാണ് അക്കാലത്ത് ഉപയോഗിച്ചിരുന്നത്. കോളജിലെ ഫോട്ടോഗ്രാഫി ക്ലബിൽ നിന്നും ഫിലിം വാഷ് ചെയ്യാനും പ്രിന്റ് എടുക്കാനും പഠിച്ചു. എൻജിനീയറിംഗ് ബിരുദമെടുത്ത ശേഷം 1985 ൽ ബിസിനസിലേക്ക് തിരിഞ്ഞപ്പോഴും ഫോട്ടോഗ്രാഫിയോടുള്ള അഭിനിവേശം കുറഞ്ഞില്ല.

ബിസിനസ് യാത്രകൾക്കിടെ സതീഷ് നായർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ക്യാമറയിൽ പകർത്തിയ ചിത്രങ്ങൾ നിരവധിയാണ്. ജലവും ജലദൃശ്യങ്ങളും വെളിച്ചത്തിന്റെ ഭാവങ്ങളുമൊക്കെയാണ് സതീഷിന്റെ ഇഷ്ട വിഷയങ്ങൾ. സ്ഥലം എന്ന ആശയത്തെ വിപുലമാക്കാനുള്ള വെളിച്ചത്തിന്റെയും നിഴലിന്റെയും കഴിവിനെ ഇദ്ദേഹം സ്ഥിരമായി പകർത്തിയെടുക്കാറുണ്ട്. നിക്കോൺ ഡി 300, ഡി 700, ഡി 800 ഇ, ഹാസിൽബ്ലാഡ് എച്ച്4ഡി-60 തുടങ്ങിയ ക്യാമറകളാണ് അദേഹം ഉപയോഗിക്കുന്നത്. ഫോട്ടോഗ്രാഫിയിൽ ഡിജിറ്റൽ യുഗം പിറന്നതോടെ കൂടുതൽ സ്വാതന്ത്ര്യം ലഭിക്കുന്നതായി സതീഷ് നായർ അഭിപ്രായപ്പെട്ടു.

സതീഷ് നായരുടെ അഭിപ്രായത്തിൽ ഇന്ത്യ തന്നെയാണ് ഫോട്ടോഗ്രാഫിക്ക് ഏറ്റവും അനുയോജ്യമായ ലൊക്കേഷൻ. എങ്ങോട്ടു തിരിഞ്ഞാലും ചിത്രങ്ങൾ പകർത്താം. അത്രമാത്രം വൈവിധ്യമാർന്ന ജീവിതങ്ങൾ നമ്മുടെ കണ്ണുകളെ വിരുന്നൂട്ടും. കംബോഡിയ, ഐസ്‌ലാൻഡ്, സ്വിറ്റ്‌സർലൻഡ്, ഓസ്‌ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളിലേക്ക് വീണ്ടും പോകാൻ ആഗ്രഹിക്കുന്നതായി അദേഹം പറഞ്ഞു. ബ്രിട്ടണിലെ റോയൽ ഫോട്ടോഗ്രാഫിക് സൊസൈറ്റി അംഗമാണ് സതീഷ് നായർ.

ഹാസിൽബ്ലാഡ് ബുള്ളറ്റിൻ ഓൺലൈൻ മാഗസിനിലെ ‘എറൗണ്ട് ദി വേൾഡി’ലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനൊപ്പം ഇറ്റലിയിലെ ഫോട്ടോ വോഗ്, തങ്ങളുടെ വെബ്‌സൈറ്റിലേക്ക് ഇദ്ദേഹത്തിന്റെ ഇരുന്നൂറിലേറെ ചിത്രങ്ങൾ തെരഞ്ഞെടുത്തിരുന്നു. ബെറ്റർ ഫോട്ടോഗ്രാഫി മാഗസിന്റെ ട്രാവൽ ഫോട്ടോഗ്രഫി ബുക്‌ലെറ്റിനു വേണ്ടിയും സതീഷ് നായരുടെ ചിത്രങ്ങൾ തെരഞ്ഞെടുത്തിട്ടുണ്ട്.

കഴിഞ്ഞ എട്ടുവർഷമായുള്ള അദ്ദേഹത്തിന്റെ ഫോട്ടോഗ്രാഫി അനുഭവങ്ങളുടെ ഉൾക്കാഴ്ചയിലേക്കു വെളിച്ചം വീശുന്ന പ്രദർശനം – ഗ്ലിംപ്‌സസ് കഴിഞ്ഞ മാസം കൊച്ചി ദർബാർ ഹാൾ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ചിരുന്നു. പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ. കരുൺ ആണ് പ്രദർശനം ഉദ്ഘാടനം ചെയ്തത്. തെരഞ്ഞെടുത്ത 103 ചിത്രങ്ങളുടെ പ്രദർശനം ആസ്വാദകരുടെ മുക്തകണ്ഠ പ്രശംസ നേടി.

സതീഷ് നായരുടെ മക്കളും ഫോട്ടോഗ്രാഫിയിൽ തത്പരരാണ്. സതീഷ് നായരുടെ ഭാര്യ പ്രീത  ജനറൽ പിക്‌ചേഴ്‌സ് ഉടമ അച്ചാണി രവിയുടെ പുത്രിയാണ് . അർജ്ജുൻ, ഭരത്, ആഹ്ലാദിനി എന്നിവരാണ് മക്കൾ. അതിഥി മരുമകളാണ്.

കശുവണ്ടി കയറ്റുമതി രംഗത്ത് സതീഷ് നായർ നേതൃത്വം നൽകുന്ന ഇന്ത്യ ഫുഡ് എക്‌സ്‌പോർട്‌സ് ഡെലിനട്ട് ഡെലിസ് എന്നീ ബ്രാൻഡ് നെയിമിൽ മൂല്യവർധിത കശുവണ്ടിപ്പരിപ്പ് വിപണിയിൽ എത്തിക്കുന്നു. സ്റ്റാർബക്‌സ്, ഇൻഡിഗോ എയർലൈൻസ്, കഫേ കോഫീ ഡേ തുടങ്ങിയ പ്രമുഖ കമ്പനികൾ ഇന്ത്യ ഫുഡ് എക്‌സ്‌പോർട്‌സിന്റെ ഇടപാടുകാരാണ്.