ബൈജൂസിന് ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അഥോറിട്ടിയിൽ നിന്ന് 15 കോടി ഡോളറിന്റെ നിക്ഷേപം

Posted on: July 11, 2019

 

കൊച്ചി : ലോകത്തിലെ ഏറ്റവും മൂല്യമുള്ള വിദ്യാഭ്യാസ സാങ്കേതികവിദ്യാ കമ്പനിയായ ബൈജൂസിന് ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അഥോറിട്ടിയുടെ 15 കോടി ഡോളര്‍ നിക്ഷേപം ലഭിച്ചു. വിദ്യാഭ്യാസ സാങ്കേതികവിദ്യാ രംഗത്തെ പ്രമുഖ നിക്ഷേപകരായ ഔള്‍ വെഞ്ചേഴ്‌സ് അടക്കമുള്ളവയുടെ പങ്കാളിത്തവും ഈ ഘട്ടത്തില്‍ ലഭിച്ചിട്ടുണ്ട്. ഔള്‍ വെഞ്ചേഴ്‌സ് ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ സ്റ്റാര്‍ട്ട് ആപ്പില്‍ നിക്ഷേപിക്കുന്നത്. ആഗോള തലത്തില്‍ വിപണി വിപുലമാക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് ആഗോള തലത്തിലുള്ള പഠന സൗകര്യങ്ങള്‍ ഒരുക്കാനും വേണ്ടിയുള്ള ബൈജൂസിന്റെ വന്‍ പദ്ധതികള്‍ക്ക് ഈ നിക്ഷേപങ്ങള്‍ പിന്തുണയാകും.

തങ്ങളുടെ ബിസിനസിനുള്ള ശക്തമായ അടിത്തറയെ സാക്ഷ്യപ്പെടുത്തുന്നതു കൂടിയാണ് ഈ നിക്ഷേപങ്ങളെന്ന് ബൈജൂസ് ലേണിങ് ആപ്പ്  സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രന്‍ ചൂണ്ടിക്കാട്ടി. ആഗോള തലത്തിലെ ഡിജിറ്റല്‍ വിദ്യാഭ്യാസ മേഖലയിൽ
ഇന്ത്യ വഴികാട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു. ചെറുകിട പട്ടണങ്ങളില്‍ നിന്നും 85 ശതമാനം നിരക്കില്‍ വാര്‍ഷിക പുതുക്കല്‍ നടക്കുന്നത് ഡിജിറ്റല്‍ ലേണിങിന് വന്‍ തോതില്‍ ലഭിക്കുന്ന സ്വീകാര്യതയാണു കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ രംഗത്ത് പുതുമകള്‍ സൃഷ്ടിക്കുന്നവര്‍ക്കിടയില്‍ നിക്ഷേപം നടത്താനുള്ള തങ്ങളുടെ താല്‍പര്യമാണ് ഈ നിക്ഷേപം ചൂണ്ടിക്കാട്ടുന്നതെന്ന് ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അഥോറിട്ടി
സിഇഒ മന്‍സൂര്‍ അല്‍ മഹമൂദും ചൂണ്ടിക്കാട്ടി.

26 കോടി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളുമായി ഇന്ത്യന്‍ വിദ്യാഭ്യാസ മേഖല വന്‍ സാധ്യതകളാണു മുന്നോട്ടു വെക്കുന്നതെന്ന് ഔള്‍ വെഞ്ചേഴ്‌സ് മാനേജിംഗ്  ഡയറക്ടര്‍ അമിത് പട്ടേലും ചൂണ്ടിക്കാട്ടി.