ഹാള്‍മാര്‍ക്കിംഗ് ഉപഭോക്താവിന്റെ അവകാശമെന്ന് മലബാര്‍ ഗോള്‍ഡ്

Posted on: June 15, 2021

 

കോഴിക്കോട്: ചെലവഴിക്കുന്ന പണത്തിനു നൂറ് ശതമാനം മൂല്യം ലഭിക്കുകയെന്നത് ഒരു ഉപഭോക്താവിന്റെ അവകാശമാണെന്നും പാര്‍ലമെന്റ് പാസാക്കിയ ഉപഭോക്തൃ സംരക്ഷണ നിയമം ഉപഭോക്താക്കളുടെ അവകാശങ്ങള്‍ നിയമപരമായി സംരക്ഷിക്കാന്‍ കെല്‍പ്പുള്ളതാണെന്നും മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ചെയര്‍മാനും സിഇഒയുമായ എം.പി.അഹമ്മദ് പറഞ്ഞു.

ഉപഭോക്താക്കളുടെ സംരക്ഷണത്തിനായി കാലാനുസൃതമായ പല നിയമങ്ങളും സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുണ്ട്. സ്വര്‍ണാഭരണങ്ങള്‍ക്കു ജൂണ്‍ 16 മുതല്‍ ഹാള്‍ മാര്‍ക്കിംഗ് നിര്‍ബന്ധമാക്കാനുള്ള തീരുമാനം അത്തരത്തിലൊന്നാണ്.

വാങ്ങുന്ന സ്വര്‍ണത്തിന്റെ പരിശുദ്ധി ഉറപ്പുവരുത്താന്‍ ഉപഭോക്താവിന് എല്ലായ്‌പ്പോഴും കഴിയാത്ത സ്ഥിതിയുണ്ട്. ഈ പ്രതിസന്ധി പരിഹരിക്കുന്നതിനായാണ് ഹാള്‍മാര്‍ക്കിംഗ് ഇന്ത്യയില്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുള്ളത്. സര്‍ക്കാരിന്റെ സുപ്രധാന നടപടിയായിത്തന്നെ ഇതിനെ വിശേഷിപ്പിക്കേണ്ടതുണ്ട്.

ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡാര്‍ഡ്‌സ് നിശ്ചയിച്ച പരിശുദ്ധിസ്വര്‍ണാഭരണങ്ങള്‍ക്ക് ഉറപ്പാക്കുന്നതിനു വേണ്ടിയാണ് ബിഐഎസ് ഹാള്‍മാര്‍ക്കിംഗ് നടത്തുന്നത്. ഇതിനായി രാജ്യത്ത് നിരവധി സ്വകാര്യ ഏജന്‍സികള്‍ക്ക് സര്‍ക്കാര്‍ ലൈസന്‍സ് നല്‍കിയിട്ടുണ്ട്. സര്‍ക്കാരിന്റെ കര്‍ശന നിയന്ത്രണത്തിലും നിരീക്ഷണത്തിലുമാണ് ഇവ പ്രവര്‍ത്തിക്കുന്നത്. ഹാള്‍ മാര്‍ക്കിംഗ് നടത്തിയ ആഭരണത്തില്‍ ബിഐഎസ് മുദ, സ്വര്‍ണത്തിന്റെ പരിശുദ്ധി, ഹാള്‍മാര്‍ക്കിംഗ് ഏജന്‍സിയുടെ മുദ്ര, ജ്വല്ലറിയുടെ മുദ്ര എന്നിവ രേഖപ്പെടുത്തിയിരിക്കും. അതുകൊണ്ടു തട്ടിപ്പു നടത്തിയാല്‍ ഇതിലുടെ കണ്ടത്താന്‍ കഴിയും.

21 വര്‍ഷമായി 100 ശതമാനം ഹാള്‍മാര്‍ക്കിംഗ്‌നടത്തിയ ആഭരണങ്ങള്‍ മാത്രമാണ് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സില്‍ വില്പന നടത്തുന്നത്. ഇതിലൂടെ കമ്പനിക്കു വലിയ തോതിലുള്ള ബിസിനസ് പുരോഗതി നേടാനും കഴിഞ്ഞിട്ടുണ്ട്. രാജ്യത്ത് ഇപ്പോഴും മുപ്പത് ശതമാനത്തോളം സ്വര്‍ണവ്യാപാരികള്‍ മാത്രമേ ഹാള്‍മാര്‍ക്കിംഗ് നടത്തിയ സ്വര്‍ണാഭരണങ്ങള്‍ വില്ക്കുന്നുള്ളു.

ആഭരണ നിര്‍മാതാക്കള്‍, വില്പനക്കാര്‍, ഹാള്‍മാര്‍ക്കിംഗ് സെന്ററുകള്‍ എന്നിവര്‍ക്ക് ഹാള്‍മാര്‍ക്കിംഗ് നടത്തുന്നതില്‍ തുല്യ ഉത്തരവാദിത്തം ഏര്‍പ്പെടുത്തുകയും ഇതു ലംഘിക്കുന്നുണ്ടായെന്ന് കര്‍ശന പരിശോധന നടത്തുകയും വേണമെന്ന് എംപി അഹമ്മദ് പറഞ്ഞു.

TAGS: Malabar Gold |