ഓട്ടോ ഡ്രൈവര്‍മാരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് പിയാജിയോയുടെ സഹായം

Posted on: October 2, 2020

കൊച്ചി: നിര്‍ധനരായ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുടെ കുട്ടികള്‍ക്ക് സാങ്കേതിക, തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനായി പിയാജിയോ ഇന്ത്യ(പ്രൈ) ലിമിറ്റഡ് സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തി. ഗാന്ധി ജയന്തിയോടനുബന്ധിച് കമ്പനി പ്രഖ്യാപിച്ച സ്‌കോളര്‍ഷിപ്പ് പദ്ധതിക്ക് ‘ശിക്ഷാ സേ സമൃദ്ധി’ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്.

3 ലക്ഷം രൂപ വരെ മാത്രം വാര്‍ഷിക വരുമാനമുള്ള ഓട്ടോ ഡ്രൈവര്‍മാരുടെ മക്കള്‍ക്ക് പത്താം ക്ലാസ്സിനും പന്തണ്ടാം ക്ലാസ്സിനും ശേഷം തുടര്‍ വിദ്യാഭ്യാസത്തിനായി മൊത്തം വാര്‍ഷിക ഫീസിന്റെ 80 ശതമാനം അല്ലെങ്കില്‍ പരമാവധി 20,000 രൂപ ഒരു വര്‍ഷം നല്‍കുമെന്ന് പിയാജിയോ ഇന്ത്യ(പ്രൈ) ലിമിറ്റഡ് മാനേജിംഗ് ഡയറക്റ്റര്‍ ഡിയാഗോ ഗ്രഫി പറഞ്ഞു. സാങ്കേതിക, തൊഴിലധിഷ്ഠിത(ഐ ടി ഐ, പോളിടെക്നിക്) പൂര്‍ണ സമയ കോഴ്സുകള്‍ക്ക് മാത്രമേ സഹായം ലഭിക്കുകയുള്ളൂ.

ബഡ്ഡി ഫോര്‍ സ്റ്റഡി ഇന്ത്യ ഫൗണ്ടേഷന്റെ സഹകരണത്തോടുകൂടിയാണ് പിയാജിയോ ഈ സാമൂഹ്യ പ്രതിബദ്ധതാ പദ്ധതി നടപ്പാക്കുന്നത്.

അര്‍ഹരായവര്‍ക്ക് 180-012-05577 എന്ന ഹെല്‍പ്ലൈന്‍ നമ്പറിലോ https://www.buddy4study.com/page/piaggio-shiksha-se-samriddhi-scholarship എന്ന സൈറ്റിലോ ബന്ധപ്പെട്ട് അപേക്ഷാ സംബന്ധമായ വിവരങ്ങള്‍ അറിയാവുന്നതാണ്. ഒക്ടോബര്‍ 2 മുതല്‍ ഈ സേവനം ലഭ്യമാണ്. പിയാജിയോ ഷോറൂമുകളില്‍ നിന്നും അപേക്ഷാ ഫോറങ്ങള്‍ ലഭിക്കും. അര്‍ഹരായ വിദ്യാര്‍ഥികളെ ടെലഫോണില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ ചോദിച്ചറിയുന്നതാണ്. സഹായം ലഭിച്ച കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതി വിലയിരുത്താന്‍ പിയാജിയോ സംവിധാനമേര്‍പ്പെടുത്തുന്നുണ്ട്.

TAGS: Piaggio |