ടാറ്റാ ട്രസ്റ്റ് നിർമ്മിക്കുന്ന കോവിഡ് ആശുപത്രി ചട്ടഞ്ചാൽ മാഹിനാബാദിൽ ഉയരുന്നു

Posted on: April 21, 2020

കാസർഗോഡ് : ടാറ്റാ ട്രസ്റ്റ് നിർമ്മിക്കുന്ന കോവിഡ് ആശുപത്രി കാസർഗോഡ് ജില്ലയിലെ ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ ചട്ടഞ്ചാൽ മാഹിനാബാദിൽ ഉയരുന്നു. ടാറ്റാ ട്രസ്റ്റ് സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി അഞ്ച് ഏക്കർ സ്ഥലത്ത് 15 കോടി രൂപ ചെലവിലാണ് 540 കിടക്കകളുള്ള താത്കാലിക കോവിഡ് ആശുപത്രി നിർമ്മിക്കുന്നത്.

അടുത്ത നാൾ വരെ ചട്ടഞ്ചാൽ മാഹിനാബാദ് കരിമ്പാറനിറഞ്ഞ പ്രദേശമായിരുന്നു. കൺസ്ട്രക്ഷൻ എക്യുപ്‌മെന്റ് ഓണേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ സഹായത്തോടെ 30 ഹിറ്റാച്ചികളും 20 ജെസിബികളും ടിപ്പറുകളും നൂറിലേറെ ജോലിക്കാരും ചേർന്ന് അതിവേഗത്തിലാണ് പണികൾ പുരോഗമിക്കുന്നത്. അടുത്ത 10 ദിവസത്തിനുള്ളിൽ നിലം നിരപ്പാക്കൽ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ.

ടാറ്റാ ജില്ലയിൽ കോവിഡ് ആശുപത്രി തുടങ്ങുന്നുവെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വന്നശേഷം നിലം നിരപ്പാക്കാൻ കളക്ടർ ഡോ. ഡി. സജിത്ത് ബാബു സാമൂഹ്യമാധ്യമങ്ങളിലൂടെ കരാറുകാരുടെ സേവനം അഭ്യർത്ഥിച്ചിരുന്നു. കരാറുകാർ ഉൾപ്പെടെ 130 പേർ അംഗങ്ങളായ സി ഇ ഒ എ ഈ നിർദേശം ഇരുകൈയും നീട്ടി സ്വീകരിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് വൻ തയ്യാറെടുപ്പുകളോടെ നിലം നിരപ്പാക്കൽ തുടങ്ങിയത്.

വാഹനങ്ങളുടെ ഡീസലിന് ആവശ്യമായ പണം ജില്ലാ ഭരണകൂടം നൽകുന്നുണ്ട്. ജീവനക്കാരുടെ കൂലി, യന്ത്രസംവിധാനങ്ങളുടെ ചെലവ്, ഭക്ഷണം, വെള്ളം എന്നിവയെല്ലാം സി ഇ ഒ എ വഹിക്കുന്നു. ജില്ലാ പ്രസിഡന്റ് നാസർ പുത്തരിയും സെക്രട്ടറി റാഷിദ് നായന്മാർമൂലയും മറ്റ് പ്രവർത്തകരും നിർമാണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

അഞ്ച് ഏക്കർ സ്ഥലം രണ്ട് തട്ടായി നിരപ്പാക്കി നൽകാനാണ് സർക്കാർ നിർദേശിച്ചിട്ടുള്ളത്. ഇപ്പോൾ രാവിലെ എട്ടുമുതൽ രാത്രി പത്തുമണിവരെയാണ് ജോലി നടക്കുന്നത്. ആവശ്യമെങ്കിൽ രാത്രി വൈകിയും പണി തുടരും. പണി തുടങ്ങിയതു മുതൽ ജില്ലാ കളക്ടർ ദിവസവും ഒരു തവണയെങ്കിലും സ്ഥലത്തെത്തി നിർമാണപുരോഗതി വിലയിരുത്തുന്നു.

കോവിഡ് ആശുപത്രി നിർമാണത്തിന്റെ ഭാഗമായി ടാറ്റാ ഗ്രൂപ്പിന്റെ സാങ്കേതിക വിദഗ്ധരടങ്ങിയ 15 അംഗ സംഘം കാസർഗോഡ് ഉണ്ട്. ഇവരാണ് ആശുപത്രി നിർമാണത്തിന്റെ മേൽനോട്ടം വഹിക്കുന്നത്. രണ്ടുമാസത്തിനുള്ളിൽ ഫ്രീ ഫാബ് സാങ്കേതിക വിദ്യയിൽ കോവിഡ് ആശുപത്രി സജ്ജമാക്കാനാണ് ടാറ്റാ ട്രസ്റ്റിന്റെ പദ്ധതി.