ആസ്റ്റര്‍ വോളണ്ടിയേഴ്സിന്റെ 9-ാമത്തെ മൊബൈല്‍ മെഡിക്കല്‍ സേവനം കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ നിന്നും ഫ്ളാഗ് ഓഫ് ചെയ്തു

Posted on: December 31, 2019

കൊച്ചി : ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിന്റെ 33-ാം സ്ഥാപക ദിനത്തിലെ പ്രഖ്യാപനത്തിന്റെ ഭാഗമായി ഗ്രൂപ്പിന്റെ സിഎസ്ആര്‍ വിഭാഗമായ ആസ്റ്റര്‍ വോളണ്ടിയേഴ്സിന്റെ 9-ാമത്തെ മൊബൈല്‍ മെഡിക്കല്‍ സേവനം ഫ്‌ളാഗ് ഓഫ് ചെയ്തു. കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ നടന്ന ചടങ്ങില്‍ എറണാകുളം എംപി ഹൈബി ഈഡന്‍, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ എന്നിവര്‍ ചേര്‍ന്ന് മൊബൈല്‍ സേവനം ഫ്ളാഗ് ഓഫ് ചെയ്തു. അനാഥമന്ദിരങ്ങള്‍, സര്‍ക്കാര്‍ സ്‌ക്കൂളുകള്‍, അംഗനവാടികള്‍, അന്യസംസ്ഥാന തൊഴിലാളികള്‍ കൂടുതലായുള്ള പ്രദേശങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മൊബൈല്‍ ക്ലിനിക്കിന്റെ സേവനം ലഭ്യമാകും.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആസ്റ്റര്‍ വോളണ്ടിയേഴ്‌സിന്റെ മൊബൈല്‍ മെഡിക്കല്‍ സേവനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആസ്റ്റര്‍ വൊളണ്ടിയേഴ്‌സിന്റെ വിവിധ സംരംഭങ്ങളില്‍ നിന്നും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ 1.2 ദശലക്ഷത്തിലധികം ആളുകള്‍ക്ക് പ്രയോജനം ലഭിച്ചിട്ടുണ്ടെന്ന് ചടങ്ങില്‍ സംസാരിച്ച ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. മൊബൈല്‍ സേവനങ്ങളുടെ പ്രവര്‍ത്തനത്തിന് ലഭിച്ച മികച്ച പ്രതികരണമാണ് സമൂഹത്തില്‍ ആരോഗ്യ പരിരക്ഷ ലഭ്യമല്ലാത്ത വലിയൊരു വിഭാഗം ആളുകളിലേക്ക് സേവനം വ്യാപിപ്പിക്കാന്‍ പ്രോത്സാഹനമായത്. അടിസ്ഥാന ആരോഗ്യ പരിരക്ഷയ്ക്കും അതിന്റെ ലഭ്യതയ്ക്കുമിടയിലെ വിടവ് നികത്താന്‍ ലക്ഷ്യമിട്ടുള്ള ഈ പരിപാടിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നും ഡോ. ആസാദ് മൂപ്പന്‍ വ്യക്തമാക്കി.

ജില്ലയിലെ ആയിരക്കണക്കിന് ആളുകള്‍ക്ക് പ്രയോജനപ്രദമാകുന്ന മൊബൈല്‍ മെഡിക്കല്‍ സേവനം കൊച്ചിയില്‍ ആരംഭിച്ച ആസ്റ്റര്‍ വൊളണ്ടിയേഴ്‌സിനെ ഹൈബി ഈഡന്‍ എംപി അഭിനന്ദിച്ചു. വളരെ ഉള്‍പ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍ക്ക് പ്രാഥമിക ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന ഈ സംരംഭം മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരിചയസമ്പന്നരായ ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, ഡ്രൈവര്‍ എന്നിവരടങ്ങുന്ന സംഘമാണ് മെഡിക്കല്‍ സേവനങ്ങള്‍ക്ക് നേതൃത്വം നല്‍കുക. മെഡിക്കല്‍ സൗകര്യങ്ങള്‍ അപര്യാപ്തമായ സ്ഥലങ്ങളില്‍ ഇവര്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളിലെ സന്നദ്ധ സംഘടനകള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണത്തോടെയാകും മൊബൈല്‍ ക്ലിനിക് പ്രവര്‍ത്തിക്കുക.

മെഡിക്കല്‍ സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് മികച്ച ആരോഗ്യ പരിരക്ഷ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട് 2012-ലാണ് ആസ്റ്റര്‍ വൊളണ്ടിയേഴ്‌സ് മൊബൈല്‍ മെഡിക്കല്‍ സേവനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഇന്ത്യയില്‍ ഡല്‍ഹി, ഒഡീഷ, ജംഷദ്പൂര്‍, കോഴിക്കോട്, നിലംബൂര്‍ എന്നിവിടങ്ങള്‍ക്ക് പുറമേ യുഎഇ, ഫിലിപ്പീന്‍സ്, എത്യോപ്യ എന്നിവിടങ്ങളിലും ആസ്റ്റര്‍ വൊളണ്ടിയേഴ്‌സിന്റെ മൊബൈല്‍ മെഡിക്കല്‍ സേവനങ്ങള്‍ ലഭ്യമാണ്. ഇതുവരെ 4 ലക്ഷത്തിലേറെ പേര്‍ക്ക് മൊബൈല്‍ സേവനങ്ങളുടെ ഗുണഫലം ലഭ്യമായിട്ടുണ്ട്.