ഊട്ടുപുര പദ്ധതിയ്ക്ക് എം.എ. യൂസഫലി ഒരു കോടി രൂപ കൈമാറി

Posted on: June 13, 2018

കൊച്ചി : എറണാകുളം ജനറൽ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യ ഭക്ഷണം നൽകുന്ന ഊട്ടുപുര പദ്ധതിയ്ക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. ഒരു കോടി രൂപ കൈമാറി. ആശുപത്രി അങ്കണത്തിൽ ചേർന്ന പൊതുയോഗത്തിൽ ആശുപത്രിയ്ക്കുവേണ്ടി ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ള ലുലു ഗ്രൂപ്പ് ഡയറക്ടർ എം.എ നിഷാദിൽ നിന്നും ഒരു കോടിയുടെ ഡ്രാഫ്റ്റ് ഏറ്റുവാങ്ങി. റംസാൻ മാസത്തിൽ ഒരു വർഷം മുഴുവൻ നീളുന്ന സ്‌നേഹ സാന്ത്വനമാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി നൽകിയിരിക്കുന്നതെന്ന് ഗ്രൂപ്പ് ഡയറക്ടർ എം.എ നിഷാദ് പറഞ്ഞു.

ആറു വർഷം മുമ്പ് പി രാജീവ് രാജ്യസഭാ മെമ്പറായിരിക്കെയാണ് ഊട്ടുപുര പദ്ധതി തുടങ്ങിയത്. ഒരു ദിവസത്തെ ഭക്ഷണത്തിന് 50000 രൂപ ചെലവ് വരുന്നുണ്ട്. ഊട്ടുപുരയ്ക്കുള്ള ധനസമാഹരണാർത്ഥം വർഷാവർഷം ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) കൊച്ചി ശാഖ സംഘടിപ്പിച്ചു വരുന്ന ഹരിതം ജീവനം സംഗീത സന്ധ്യയോടനുബന്ധിച്ച് സിപിഐ (എം) ജില്ലാ സെക്രട്ടറി പി രാജീവിന്റെ അഭ്യർഥനയെ മാനിച്ചാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒരുകോടി രൂപ സംഭാവന നൽകിയത്.

സ്വകാര്യ ആശുപത്രികളിലേതു പോലെ ഡയറ്റീഷ്യൻ നിർദേശിക്കുന്ന ആഹാരം രോഗികളുടെ കിടയ്ക്കക്കരുകിൽ എത്തിച്ചു നൽകുന്ന ഊട്ടുപുര പദ്ധതി തുടങ്ങിയത് പി രാജീവിന്റെ എം.പി ഫണ്ടിൽ നിന്ന് 15 ലക്ഷം, ബിപിസിഎല്ലിന്റെ സിഎസ്ആർ ഫണ്ടിൽ നിന്ന് 10 ലക്ഷം, ആശുപത്രി വികസന സമിതിയുടെ വക 5 ലക്ഷം എന്നിങ്ങനെ 30 ലക്ഷം രൂപ സമാഹരിച്ചാണ്. തുടക്കം മുതൽ ഒരു ദിവസം പോലും മുടക്കം കൂടാതെ നടന്നു വരുന്ന ഊട്ടുപുര പദ്ധതി വിവിധ വ്യക്തികളുടെ സ്‌പോൺസർഷിപ്പിലൂടെയും, ഐ.എം.എ പോലുള്ള സംഘടനകളുടെ സഹകരണത്തോടെയുമാണ് നടക്കുന്നത്.

ചടങ്ങിൽ ലുലു മാനേജർ വി പീതാംബരൻ, മീഡിയ കോർഡിനേറ്റർ എൻ.ബി സ്വരാജ്, ആശുപത്രി സൂപ്രണ്ട് ഡോ. എ. അനിത, ഐഎംഎ പ്രസിഡന്റ് ഡോ. വർഗീസ് ചെറിയാൻ, സെക്രട്ടറി ഹനീഷ് മീരാസ, ഡോ. എം.ഐ ജുനൈദ് റഹ്മാൻ, ആർഎംഒ ഡോ. സിറിയക് പി ജോയ്, ഡോ. എം. നാരായണൻ, ഡോ. എം. വേണുഗോപാൽ, ഡോ. വി. മധു, ഡോ. ആശ കെ ജോൺ, ബ്രദർ കെ.ജെ പീറ്റർ, ആശുപത്രി വികസന സമിതി മെമ്പർ എം.പി രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.