കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ടൈമെഡുമായി ധാരണാപത്രം ഒപ്പുവച്ചു

Posted on: November 12, 2022

തിരുവനന്തപുരം : ആരോഗ്യ സംരംക്ഷണമേഖലയിലെ പുതിയ ആശയങ്ങളും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്എം) ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ ഇന്‍കുബേറ്ററായ ടൈമെഡുമായി ധാരണാപത്രം ഒപ്പുവച്ചു.

കെ എസ് യു എം സി അനൂപ് അംബികയും എസിടി ഐഎംഎസ്ടി- ടൈമെഡ് സിഇഒ എസ്. ബല്‍റാമുമാണ് ധാരണാപത്രം ഒപ്പുവച്ചത്. ആരോഗ്യമേഖലയില്‍ വഴിത്തിരിവാകുന്ന പുതിയ കണ്ടെത്തലുകള്‍ക്കായി ഗവേഷകരേയും സ്റ്റാര്‍ട്ടപ്പുകളേയും പ്രോത്സാഹിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം.

ആരോഗ്യമേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും മെഡിക്കല്‍ ഉപകരണ ഗവേഷണത്തിനും ഉത്തേജനം നല്‍കാന്‍ ധാരണാപത്രം ഒപ്പുവച്ചതിലൂടെ സാധിക്കുമെന്ന് അനൂപ് അംബികപറഞ്ഞു. ടൈമെഡില്‍ ഇന്‍കുബേറ്റായിട്ടുള്ള സ്റ്റാര്‍ട്ടപ്പുകളുടെ ബിസിനസ് ശൃംഖല വികസിപ്പിക്കുന്നതിനുള്ള മികച്ച അവസരം കെഎസ്എമ്മുമായുള്ള സഹകരണത്തിലൂടെ ലഭിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് എസ്. ബല്‍റാം പറഞ്ഞു.