സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 25 കോടി ഗ്രാന്റ് നല്‍കി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍

Posted on: May 5, 2022

തിരുവനന്തപുരം : സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷം കരുത്താര്‍ജ്ജിക്കുന്നതിന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ 2017 മുതല്‍ 25 കോടിയിലധികം രൂപയുടെ ഗ്രാന്റ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നല്‍കി. നൂതനാശയങ്ങളെ ബിസിനസ് സാധ്യതയുള്ള മികച്ച സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളാക്കുന്നതിനാണ് വെല്ലുവിളികളെ അതിജീവിച്ചും വിവിധ വിഭാഗങ്ങളിലായി കെഎസ് യുഎം ധനസഹായം ലഭ്യമാക്കിയത്.

നൂതനമായ ഒരു സാങ്കേതിക ആശയം പിന്തുടരാനും അത് സമ്പൂര്‍ണ സംരംഭമായി മാറ്റാനും ഉദ്ദേശിക്കുന്ന കേരളത്തിലെ ഉല്‍പ്പന്ന സ്റ്റാര്‍ട്ടപ്പിനുള്ള ആദ്യത്തേതും പ്രധാനവുമായ സീഡ് കാപിറ്റലായാണ് ഇന്നൊവേഷന്‍ ഗ്രാന്റുകള്‍ നല്‍കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വിദ്യാര്‍ഥി സ്റ്റാര്‍ട്ടപ്പുകള്‍ ഉള്‍പ്പെടെ ടെക് സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് 8000-ത്തിലധികം നൂതന ആശയങ്ങള്‍ കെഎസ് യുഎമ്മിന് ലഭിച്ചു. അവയില്‍നിന്ന് 23 ഐഡിയ ഡേകളിലൂടെ 2000 സ്റ്റാര്‍ട്ടപ്പുകളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി. 550 ആശയങ്ങള്‍ ഇന്നൊവേഷന്‍ ഗ്രാന്റുകള്‍ നേടി.

അനുവദിച്ച 25 കോടിയിലധികം വരുന്ന ഇന്നൊവേഷന്‍ ഗ്രാന്റുകളില്‍ 17 കോടി രൂപയും ഐഡിയ ഗ്രാന്റ്, പ്രൊഡക്ടൈസേഷന്‍ ഗ്രാന്റ്, സ്‌കെയില്‍-അപ്പ് ഗ്രാന്റ്, വുമണ്‍ പ്രൊഡക്ടൈസേഷന്‍ ഗ്രാന്റ്, സ്റ്റാര്‍ട്ടപ്പ് റിസര്‍ച്ച് (ആര്‍ ആന്റ് ഡി) ഗ്രാന്റുകള്‍ എന്നിങ്ങനെ വിവിധ സ്‌കീമുകളിലൂടെയാണ് വിതരണം ചെയ്തത്.

കൊവിഡ്19 മൂലമുണ്ടായ തടസ്സങ്ങള്‍ക്കിടയിലും വിവിധ വിഭാഗങ്ങളിലായി 2021-22 ല്‍ 689.15 ലക്ഷം രൂപ ഗ്രാന്റ് അനുവദിച്ച് കെഎസ് യുഎം 170 സ്റ്റാര്‍ട്ടപ്പുകളെ പിന്തുണച്ചു. ഇത് ഒരു സാമ്പത്തിക വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്നതാണ്. ഇതില്‍ വിദ്യാര്‍ഥികളുടെ ഐഡിയ ഗ്രാന്റുകളും ഉള്‍പ്പെടുന്നു. ഈ തുകയില്‍ 347.42 ലക്ഷം രൂപ പ്രാരംഭ ഗഡുവായും നല്‍കി.

അടിസ്ഥാന മൂലധനമെന്നോണമാണ് നിരവധി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഗ്രാന്റുകള്‍ ലഭ്യമാക്കിയതെന്ന് കെഎസ് യുഎം സിഇഒ ജോണ്‍ എം തോമസ് പറഞ്ഞു. ഇന്നവേഷന്‍ ഗ്രാന്റുകള്‍ ലഭിച്ച പല സ്റ്റാര്‍ട്ടപ്പുകളും പിന്നീട് വിജയം വരിച്ചിട്ടുണ്ട്. ഇവയില്‍ പലതിനും തുടര്‍ഘട്ടങ്ങളില്‍ വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടുകളുടെയും ഏയ്ഞ്ചല്‍ ഫണ്ടുകളുടെയും പിന്‍ബലത്തില്‍ വിപുലീകരിക്കാന്‍ കഴിഞ്ഞുവെന്നതില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന് അഭിമാനമുണ്ട്. കൊവിഡ് ഉള്‍പ്പെടെയുള്ള വെല്ലുവിളികളില്‍ തളരാതെ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി നിക്ഷേപ പ്രവര്‍ത്തനങ്ങള്‍ നിലനിര്‍ത്താനായതായും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 620ലധികം സ്റ്റാര്‍ട്ടപ്പുകളാണ് ഇന്നൊവേഷന്‍ ഗ്രാന്റിനായി അപേക്ഷിച്ചത്. അതില്‍ 515 സ്റ്റാര്‍ട്ടപ്പുകളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി. തെരഞ്ഞെടുത്ത സ്റ്റാര്‍ട്ടപ്പുകള്‍ ഓണ്‍ലൈനായി 55 മൂല്യനിര്‍ണയ പാനലുകള്‍ക്ക് മുന്‍പാകെ ആശയങ്ങള്‍ അവതരിപ്പിച്ചു. മൂന്നുമാസം നീണ്ട മൂല്യനിര്‍ണയം ഈ വര്‍ഷം ഫെബ്രുവരിയിലാണ് അവസാനിച്ചത്.

ധനസഹായം നല്‍കുന്നതിനായി 102 സ്റ്റാര്‍ട്ടപ്പുകളെയും 68 വിദ്യാര്‍ഥികളുടെ ആശയങ്ങളും തെരഞ്ഞെടുത്തു. 17 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സ്‌കെയില്‍അപ് ഗ്രാന്റും 40 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രൊഡക്ടൈസേഷന്‍ ഗ്രാന്റും 31 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഐഡിയ ഗ്രാന്റ് ഇന്നൊവേറ്റര്‍ ഗ്രാന്റും 9 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിമെന്‍ പ്രൊഡക്ടൈസേഷന്‍ ഗ്രാന്റും 5 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് റിസര്‍ച്ച് ഗ്രാന്റും നല്‍കി.

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നൂതനാശയങ്ങള്‍ ആവിഷ്‌കരിക്കാന്‍ കെഎസ് യുഎം അവസരം നല്‍കുന്നതിലൂടെ സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്നതിനും സാധിക്കുമെന്ന് കെഎസ് യുഎം ഇന്നൊവേഷന്‍ ഫിനാന്‍സിംഗ് മാനേജര്‍ സൂര്യ തങ്കം പറഞ്ഞു. ഇന്നൊവേഷന്‍ ഗ്രാന്റ് എന്നത് ഒരു ഉല്‍പ്പന്നത്തിന്റെയോ സാങ്കേതികവിദ്യയുടെയോ ഭാവി നിക്ഷേപക്ഷമതയില്‍ നിര്‍ണായകമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

30 ലക്ഷം രൂപയുടെ ഇന്നൊവേഷന്‍ ഗ്രാന്റും 15 ലക്ഷം രൂപയുടെ സീഡ് ലോണുമായി ടെക്‌നോളജി സ്റ്റാര്‍ട്ടപ്പുകളെ കേരളം പിന്തുണയ്ക്കുന്നുണ്ട്. ഇതിനൊപ്പം കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ എഫ്എഫ്എസ് ഇന്‍കുബേഷന്‍ പ്രോഗ്രാമിനൊപ്പം ഇന്നൊവേഷന്‍ ഗ്രാന്റും ബന്ധിപ്പിക്കും.

ഇന്നൊവേഷന്‍ ഗ്രാന്റിന് പുറമേ ഈ വര്‍ഷം സ്റ്റാര്‍ട്ടപ്പ് മിഷന്‍ വനിതാ സംരംഭകര്‍ ഉള്‍പ്പെടെ 18 ഉല്‍പ്പന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കായി 1.5 കോടി രൂപയുടെ സീഡ് ലോണ്‍ വിതരണം ചെയ്തു.

ഈ വര്‍ഷം ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ പ്രമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്റ് ഇന്റേണല്‍ ട്രേഡ് വകുപ്പിന്റെ കീഴിലുള്ള സ്റ്റാര്‍ട്ടപ്പ് ഇന്ത്യ സീഡ് ലോണ്‍ സ്‌കീമും, സയന്‍സ് ആന്‍ഡ് ടെക്‌നോളജി വകുപ്പിന്റെ നിധി സീഡ് ലോണ്‍ സ്‌കീമും കെഎസ് യുഎമ്മിന് ലഭ്യമായിട്ടുണ്ട്.

സ്റ്റാര്‍ട്ടപ്പ് മിഷന് പുറമേ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍, കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്, എംഎസ്എംഇ/ജില്ലാ വ്യവസായ കേന്ദ്രം, പട്ടികജാതി വികസന വകുപ്പ് എന്നിവയും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഗ്രാന്റ് നല്‍കുന്നുണ്ട്.

അന്താരാഷ്ട്ര എക്‌സ്‌പോകള്‍, എയ്ഞ്ചല്‍ ഇന്‍വെസ്റ്റ്‌മെന്റ്, ഫണ്ട് ഓഫ് ഫണ്ട് സ്‌കീമുകള്‍, കോര്‍പ്പറേറ്റ് ഇന്നൊവേഷന്‍ നെറ്റ് വര്‍ക്കുകള്‍ തുടങ്ങിയവയും വി.സി ഫണ്ടുകള്‍ ഉള്‍പ്പെടെ വിവിധ നിക്ഷേപങ്ങളും ആഗോളതലത്തില്‍ സമാഹരിക്കുന്നതിന് കെഎസ് യുഎം സ്റ്റാര്‍ട്ടപ്പുകളെ പ്രാപ്തരാക്കുന്നു.