തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പ് ഒക്ടോബറില്‍ ഏറ്റെടുക്കും

Posted on: August 3, 2021

തിരുവനന്തപുരം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ഒക്ടോബര്‍ രണ്ടാംവാരം മുതല്‍ അദാനി ഗ്രൂപ്പ് ഏറ്റെടുക്കും. ഏറ്റെടുക്കല്‍ നടപടികള്‍ അന്തിമഘട്ടത്തിലാണ്. കരാര്‍പ്രകാരം വിമാനത്താവളത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിന് അനുവദിച്ചിരുന്ന സമയപരിധി ഒക്ടോബര്‍ 18-ന് അവസാനിക്കും.

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഏറ്റെടുക്കല്‍ നടപടികള്‍ക്ക് മൂന്നുമാസത്തെ സാവകാശം അദാനി ഗ്രൂപ്പ് നേരത്ത നേടിയിരുന്നു. ഇനി കൂടുതല്‍ സമയം ആവശ്യപ്പെട്ടേക്കില്ല. എയര്‍പോര്‍ട്ട് അതോറിറ്റി ഇന്ത്യയുമായുള്ള കരാര്‍ പ്രകാരം 60 വര്‍ഷത്തേക്കാണ് വിമാനത്താവളം അദാനി ഗ്രൂപ്പിന് നല്‍കിയിട്ടുള്ളത്.

ഒക്ടോബറില്‍ ഏറ്റെടുത്താലും ആറുമാസത്തോളം എയര്‍പോര്‍ട്ട് അതോറിറ്റിയുമായുള്ള സഹകരണത്തോടെയാകും അദാനി ഗ്രൂപ്പ് വിമാനത്താളം നിയന്ത്രിക്കുക. ഈ കാലയളവില്‍ സംസ്ഥാന സര്‍ക്കാരുമായുള്ള ധാരണപത്രം ഒപ്പിട്ടേക്കും.