തിരുവനന്തപുരം വിമാനത്താവള നടത്തിപ്പിന് അദാനിയും ജി എം ആറും രംഗത്ത്

Posted on: February 18, 2019

ന്യൂഡല്‍ഹി : രാജ്യാന്തര വിമാനത്താവളത്തിന്റെ നടത്തിപ്പവകാശം തേടി കെ എസ് ഐ ഡി സിക്കൊപ്പം അദാനി ഗ്രൂപ്പും ജിഎംആറും. ഡല്‍ഹിയില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ടെക്‌നിക്കല്‍ ബിഡ് തുറന്നപ്പോഴാണു മൂന്ന് ഏജന്‍സികളാണു തിരുവനന്തപുരത്തിനു വേണ്ടി രംഗത്തുള്ളത്. ആദ്യഘട്ടത്തില്‍ തിരുവനന്തപുരത്തിനു വേണ്ടി ബിഡില്‍ പങ്കെടുക്കാന്‍ പരിഗണിക്കുകയും പിന്നീട് ഒഴിവാക്കുകയും ചെയ്ത കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനി (സിയാല്‍) മംഗലുരു വിമാനത്താവളത്തിനു വേണ്ടി അപേക്ഷ നല്കി.

തിരുവന്തപുരം ഉള്‍പ്പെടെ 6 വിമാനത്താവളങ്ങളുടെ നടത്തിപ്പു കൈമാറാനാണ് എയര്‍പോര്‍ട്ട് അതോറിറ്റി ബിഡ് ക്ഷണിച്ചത്. ന്യൂഡല്‍ഹി ഇന്ദിരഗാന്ധി വിമാനത്താവളം ഏറ്റെടുത്തു വികസിപ്പിച്ചത് ജിഎംആര്‍ ഗ്രൂപ്പ് ആണ്. അദാനി ആദ്യമായാണു വ്യേമയാന മേഖലയില്‍ മുതല്‍ മുടക്കുന്നത്. എഎംപി, എന്‍ഐഐഎഫ്, അറ്റ്‌ലാന്‍ഷ്യ, പിഎന്‍സി, ഐ ഇന്‍വെസ്റ്റ്‌മെന്റ്‌സ് സര്‍ന എന്നിവരാണു ബിഡില്‍ പങ്കെടുത്ത മറ്റു സ്ഥാപനങ്ങള്‍ 25 ന് ഫിനാന്‍ഷ്യന്‍ ബിഡ് തുറക്കും. അര്‍ഹരായ കമ്പനികളെ 28 ന് പ്രഖ്യാപിക്കും.