മ്യൂച്വൽഫണ്ട് എസ് ഐ പി ആസ്തിമ്യൂല്യം 4.67 ലക്ഷം കോടിയായി

Posted on: June 17, 2021

മുംബൈ : മ്യൂച്വല്‍ ഫണ്ടില്‍ മാസാമാസം തുല്യതവണകളായി അടയ്ക്കുന്ന സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനി (എസ്.ഐ.പി.) ലൂടെയുള്ള ആസ്തിമൂല്യം 2021 മേയ് 31-ലെ കണക്ക് അനുസരിച്ച് 4.67 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ഇത് റെക്കോഡാണ്. 2016 ഓഗസ്റ്റ് 31-ല്‍ 1.25ലക്ഷം കോടി രൂപ മാത്രമായിരുന്നു ഇതെന്ന് അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യ (ആംഫി) യുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ദീര്‍ഘകാല സമ്പത്ത് സമ്പാദനത്തില്‍ രാജ്യത്തെ ചെറുകിട നിക്ഷേപകര്‍ മ്യൂച്വല്‍ ഫണ്ടിനെ കൂടുതലായി ആശ്രയിക്കുന്നതിന് തെളിവാണ് അഞ്ചു വര്‍ഷം കൊണ്ടുള്ള ഈ വര്‍ധന. പ്രതിവര്‍ഷം ശരാശരി 30 ശതമാനം നിരക്കിലാണ് ഇക്കാലയളവിലെ വളര്‍ച്ച.

നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ അഞ്ചു മാസങ്ങളില്‍ മാത്രം എസ്.ഐ.പി. വഴി 42,148 കോടി രൂപയുടെ നിക്ഷേപമാണ് ഉണ്ടായത്. 2016 ഏപ്രില്‍ 30 മുതല്‍ 2021 മേയ് 31 വരെയുള്ള കാലത്തിനിടെ എസ്.ഐ.പി. അക്കൗണ്ടുകളുടെ എണ്ണം ഏതാണ്ട് നാലു മടങ്ങോളംവര്‍ധിച്ച് 3.88 കോടിയിലെത്തിയതും ചെറുകിടനിക്ഷേപകരില്‍ വര്‍ധിച്ചുവരുന്ന താത്പര്യമാണ് കാണിക്കുന്നത്.

 

TAGS: Mutual Fund | SIP |