ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്ന് ബാങ്ക് ഓഫ് അമേരിക്ക

Posted on: March 23, 2021

മുംബൈ: പത്തു വര്‍ഷത്തിനകം ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറുമെന്ന് ബാങ്ക് ഓഫ് അമേരിക്ക സെക്യൂരിറ്റീസിന്റെ റിപ്പോര്‍ട്ട്. അതേസമയം, കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയാല്‍ മുമ്പ് കണക്കാക്കിയിരുന്നതിനെക്കാള്‍ മൂന്നുവര്‍ഷത്തെ അധികസമയംകൂടി ഇതിനു വേണ്ടിവരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2017-ല്‍ നടത്തിയ അനുമാനത്തില്‍ 2028-ല്‍ ഇന്ത്യ മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ ലോകത്തില്‍ മൂന്നാമതെത്തുമെന്നായിരുന്നു ബാങ്ക് ഓഫ് അമേരിക്ക സെക്യൂരിറ്റീസ് പറഞ്ഞിരുന്നത്. എന്നാല്‍, പുതിയ സാഹചര്യത്തില്‍ 2031-32 സാമ്പത്തിക വര്‍ഷം മാത്രമേ അതിനു സാധ്യതയുള്ളൂ. ശരാശരി ആറുശതമാനം വളര്‍ച്ചനിരക്ക്, അഞ്ചു ശതമാനം പണപ്പെരുപ്പം, രണ്ടു ശതമാനം മൂല്യശോഷണം എന്നിങ്ങനെയാണ് പുതിയ അനുമാനത്തിന് മാനദണ്ഡമായി കണക്കാക്കിയിരിക്കുന്നത്.

നിലവില്‍ മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ ലോകത്തില്‍ ആറാമതാണ് ഇന്ത്യ. 2017-ലെ റിപ്പോര്‍ട്ടില്‍ ഒമ്പതു ശതമാനം വളര്‍ച്ചയായിരുന്നു കണക്കാക്കിയിരുന്നത്. എന്നാല്‍, 2014 മുതല്‍ ഇതുവരെയുള്ള കണക്കനുസരിച്ച് ശരാശരി വളര്‍ച്ചനിരക്ക് 6.5 ശതമാനം മാത്രമാണ്. അതുകൊണ്ടാണ് ശരാശരി വളര്‍ച്ചനിരക്ക് ആറു ശതമാനമായി പുതിയ റിപ്പോര്‍ട്ടില്‍ നിശ്ചയിക്കാന്‍ തീരുമാനിച്ചത്.