കിട്ടാക്കടം ഇരട്ടിയായി ഉയര്‍ന്നേക്കുമെന്ന് റിസര്‍വ് ബാങ്ക്

Posted on: January 13, 2021

മുംബൈ : കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സെപ്റ്റംബറോടെ രാജ്യത്തെ ബാങ്കുകളിലെ കിട്ടാക്കടം നിലവിലുള്ളതിന്റെ ഇരട്ടിയായി ഉയര്‍ന്നേക്കുമെന്ന് റിസര്‍വ് ബാങ്കിന്റെ മുന്നറിയിപ്പ്.

2020 സെപ്റ്റംബറിലെ ആകെ വായ്പകളുടെ 7.5 ശതമാനത്തില്‍നിന്ന് കിട്ടാക്കടം 2021 സെപ്റ്റംബറോടെ 13.5 ശതമാനത്തിലേക്ക് കുതിക്കുമെന്നാണ് വിലയിരുത്തല്‍. അങ്ങനെ സംഭവിച്ചാല്‍ 22 വര്‍ഷത്തിനുശേഷമാകും ബാങ്കുകളിലെ കിട്ടാക്കടത്തോത് ഇത്രയും ഉയരുക.

കിട്ടാക്കടം കുറച്ചു കാണിക്കുന്നതിനായി 2019-20 സാമ്പത്തിക വര്‍ഷം ബാങ്കുകള്‍ 2,37,876 കോടി രൂപയുടെ വായ്പകള്‍ എഴുതിത്തള്ളിയിരുന്നു.

കോവിഡ് വാക്‌സിന്‍ വിതരണം തുടങ്ങിയതാണ് ഓഹരി വിപണിയുടെ മുന്നേറ്റത്തിനു പിന്നില്‍. അപ്പോഴും കോവിഡിന്റെ രണ്ടാംഘട്ട വ്യാപനത്തിന്റെയും ജനിതക വ്യതിയാനംവന്ന വൈറസിന്റെയും ഭീഷണി നിലനില്‍ക്കുകയാണെന്ന് ആര്‍.ബി.ഐ. പുറത്തിറക്കിയ അര്‍ധവാര്‍ഷിക സാമ്പത്തികസുസ്ഥിരതാ റിപ്പോര്‍ട്ടില്‍ പറയുന്നു.

ജൂലായില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ മാര്‍ച്ച് 31-ഓടെ കിട്ടാക്കടം 12.5 ശതമാനം വരെയെത്തുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഓഗസ്റ്റ് 31 വരെ വായ്പാ തിരിച്ചടവിന് മൊറട്ടോറിയം ഏര്‍പ്പെടുത്തുകയും ആസ്തി തരംതിരിക്കല്‍ താത്കാലികമായി നിര്‍ത്തിവെക്കുകയും വായ്പാ പുനഃക്രമീകരണപദ്ധതി അവതരിപ്പിക്കുകയും ചെയ്തതോടെ ഇത് യഥാര്‍ഥ കണക്കുകളില്‍ പ്രതിഫലിച്ചില്ല.

കിട്ടാക്കടം പൊതുമേഖലാ ബാങ്കുകള്‍ക്കായിരിക്കും കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുക. സാഹചര്യങ്ങള്‍ക്കനുസരിച്ച് ഈ ബാങ്കുകളിലെ കിട്ടാക്കടം നിലവിലെ 9.7 ശതമാനത്തില്‍നിന്ന് 16.2 മുതല്‍ 17.6 ശതമാനംവരെ ഉയരാമെന്ന് ആര്‍.ബി.ഐ. പറയുന്നു.

സ്വകാര്യബാങ്കുകളില്‍ നിലവിലെ 4.6 ശതമാനത്തില്‍നിന്ന് 7.9 മുതല്‍ 8.8 ശതമാനം വരെയുമെത്താം. 1996-97 കാലത്താണ് മുമ്പ് ബാങ്കുകളില്‍ കിട്ടാക്കടം ഇത്രയും ഉയര്‍ന്നിട്ടുള്ളത്. അന്ന് 15.7 ശതമാനം വരെയെത്തിയിരുന്നു.

 

TAGS: RBI | Reserve Bank |