വാട് സാപ്പിലൂടെ ഇനി പണമയയ്ക്കാം ; നാല് ബാങ്കുകളുമായി ധാരണ

Posted on: December 17, 2020

കൊച്ചി : സോഷ്യല്‍ മെസേജിംഗ് ആപ്പായ വാട്സാപ്പിലൂടെ ഇനി പരസ്പരം പണം കൈമാറാം. വാട്സാപ്പിന്റെ ഇന്ത്യയിലെ 40 കോടി ഉപയോക്താക്കളില്‍ രണ്ട് കോടിയിലേറെ പേര്‍ക്ക് തുടക്കത്തില്‍ ഈ സൗകര്യം പ്രയോജനപ്പെടുത്താം.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്.ഡി.എഫ്.സി. ബാങ്ക്, ഐ.സി.ഐ.സി.ഐ. ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവയുടെ പിന്തുണയോടെയാണ് വാട്സാപ്പ് പേയ്മെന്റ് ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്.

നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ.) യുടെ യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫെയ്സ് (യു.പി.ഐ.) ഉപയോഗിച്ചാണ് വാട്സാപ്പ് പേയ്മെന്റ്സ് ഫീച്ചര്‍ വികസിപ്പിച്ചിരിക്കുന്നത്. പണം കൈമാറ്റ ഫീച്ചര്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞ മാസമാണ് വാട്സാപ്പിന് അന്തിമ അനുമതി ലഭിച്ചത്.

ഡിജിറ്റല്‍ സമ്പദ്ഘടനയുടെ പ്രയോജനം വലിയൊരു ജനവിഭാഗത്തിലേക്ക് എത്തിക്കാന്‍ വാട്സാപ്പ് പേയ്മെന്റ്സിലൂടെ തങ്ങള്‍ക്ക് കഴിയുമെന്ന് വാട്സാപ്പിന്റെ ഇന്ത്യ മേധാവി അഭിജിത്ത് ബോസ് പറഞ്ഞു.

ഉപയോക്താക്കള്‍ക്കായി ചെറിയ ഇന്‍ഷുറന്‍സ് പോളിസികള്‍ ലഭ്യമാക്കാനും വാട്സാപ്പിന് പദ്ധതിയുണ്ട്. ചെറിയ സാഷെ രൂപത്തിലുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളായിരിക്കും ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സാപ്പ് ഇന്ത്യയില്‍ അവതരിപ്പിക്കുക.

 

TAGS: WhatsApp |