അനിൽ അംബാനി ഗ്രൂപ്പ് ഇൻഷുറൻസ് ബിസിനസിൽ നിന്ന് പിൻമാറുന്നു

Posted on: November 3, 2020

മുംബൈ : കടബാധ്യതകളുടെ പശ്ചാത്തലത്തിൽ അനിൽ അംബാനി ഗ്രൂപ്പ് ഇൻഷുറൻസ് ബിസിനസിൽ നിന്ന് പിൻമാറുന്നു. റിലയൻസ് കാപ്പിറ്റലിന്റെ ഭാഗമായ റിലയൻസ് ജനറൽ ഇൻഷുറൻസ്, റിലയൻസ് നിപ്പോൺ ലൈഫ് ഇൻഷുറൻസ് എന്നീ കമ്പനികൾ വിൽക്കാനാണ് നീക്കം. ഇതിനായി താത്പര്യപത്രം ക്ഷണിച്ചു. അനിൽ അംബാനി ഗ്രൂപ്പിന് 20,000 കോടി രൂപയുടെ കടബാധ്യതകളാണുള്ളത്.

ഇൻഷുറൻസിന് പുറമെ റിലയൻസ് സെക്യൂരിറ്റീസ്, റിലയൻസ് ഫിനാൻഷ്യൽ ലിമിറ്റഡ്, റിലയൻസ് അസറ്റ് റീകൺസ്ട്രക്ഷൻ ലിമിറ്റഡ് എന്നീ കമ്പനികളും പൂർണമായോ ഭാഗികമായോ കൈയൊഴിയാനാണ് ഒരുങ്ങുന്നത്. റിലയൻസ് കമ്യൂണിക്കേഷൻസിന്റെ ടെലികോം ബിസിനസ് തകർന്നതോടെയാണ് അനിൽ അംബാനി ഗ്രൂപ്പിന്റെ ശനിദിശ ആരംഭിക്കുന്നത്.

റിലയൻസ് കാപ്പിറ്റലിന് പുറമെ, റിലയൻസ് ഇൻഫ്രാസ്ട്രക്ചർ, റിലയൻസ് പവർ എന്നിവയാണ് ഗ്രൂപ്പിലെ മറ്റ് കമ്പനികൾ. കിട്ടാക്കടം തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായി യെസ് ബാങ്ക് അനിൽ അംബാനി ഗ്രൂപ്പിന്റെ ആസ്ഥാനമായ റിലയൻസ് സെന്റർ ഏറ്റെടുക്കാൻ ഒരുങ്ങുകയാണ്. 2892 കോടി രൂപയാണ് യെസ് ബാങ്കിന് നൽകാനുള്ള കുടിശിക.