ഫ്യൂച്ചർ ഗ്രൂപ്പ് ലയനം വൈകും ; ബോർഡ് യോഗം ഒരാഴ്ചത്തേക്ക് നീട്ടി

Posted on: August 23, 2020

മുംബൈ : ഫ്യൂച്ചർ എന്റർപ്രൈസസിന്റെ ഭാഗമായ മൂന്ന് കമ്പനികളുടെ ലയനം ഇനിയും വൈകും. ഇന്നലെ ചേരാനിരുന്ന കമ്പനി ഡയറക്ടർ ബോർഡ് യോഗം ഒരാഴ്ചത്തേക്ക് നീട്ടി. യോഗം മാറ്റിയതിന്റെ കാരണം കമ്പനി വ്യക്തമാക്കിയിട്ടില്ല. ഫ്യൂച്ചർ ലൈഫ്‌സ്റ്റൈൽ, ഫ്യൂച്ചർ സപ്ലൈ ചെയിൻ, ഫ്യൂച്ചർ റീട്ടെയ്ൽ എന്നിവയാണ് ലയിപ്പികാനൊരുങ്ങുന്നത്. ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോണിന് ഫ്യൂച്ചർ ഗ്രൂപ്പിൽ 9.9 ശതമാനം ഓഹരിപങ്കാളിത്തമുണ്ട്.

ലയനം യാഥാർത്ഥ്യമായാൽ റിലയൻസ് ഇൻഡസ്ട്രീസ് 8500 കോടി രൂപ ഫ്യൂച്ചർ എന്റർപ്രൈസസിൽ നിക്ഷേപിച്ചേക്കുമെന്ന് സൂചനയുണ്ട്. ഇതിലൂടെ കമ്പനിയുടെ 50 ശതമാനം ഓഹരിപങ്കാളിത്തം റിലയൻസിന് ലഭിക്കും. മൂലധന നിക്ഷേപത്തിലൂടെ ലഭിക്കുന്ന തുക ഫ്യൂച്ചർ ഗ്രൂപ്പിന്റെ കടബാധ്യതകൾ തീർക്കാൻ ഉപയോഗിക്കും. ഫ്യൂച്ചർ റീട്ടെയ്‌ലിന് മാത്രം 100 കോടി രൂപയുടെ വായ്പാ ബാധ്യതയുണ്ട്. ഇതിന് പുറമെ വിദേശ വായ്പകളും ഗ്രൂപ്പിന് വെല്ലുവിളിയാണ്.