ഫ്യൂച്ചർ റീട്ടെയ്‌ലിനെ ഏറ്റെടുക്കാൻ റിലയൻസ് ഒരുങ്ങുന്നു

Posted on: July 1, 2020

മുംബൈ : റിലയൻസ് ഇൻഡസ്ട്രീസ് ഫ്യൂച്ചർ ഗ്രൂപ്പിന്റെ റീട്ടെയ്ൽ ബിസിനസ് ഏറ്റെടുത്തേക്കുമെന്ന് സൂചന. ഇതു സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്. വില്പനയ്ക്ക് മുന്നോടിയായി ഫ്യൂച്ചർ റീട്ടെയ്ൽ, ഫ്യൂച്ചർ ലൈഫ്‌സ്റ്റൈൽ ഫാഷൻസ്, ഫ്യൂച്ചർ സ്‌പ്ലൈ ചെയിൻ സൊല്യൂഷൻസ് എന്നിവ പരസ്പരം ലയിപ്പിച്ച് ഒരു കമ്പനിയാക്കും. ഇ-കൊമേഴ്‌സ് ഭീമനായ ആമസോൺ, പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനങ്ങളായ ബ്ലാക്ക്‌സ്‌റ്റോൺ, പ്രേംജിഇൻവെസ്റ്റ് എന്നിവയും ഫ്യൂച്ചർ ഗ്രൂപ്പിൽ നിക്ഷേപം നടത്തിയിട്ടുണ്ട്.

കിഷോർ ബിയാനിയുടെ ഫ്യൂച്ചർ ഗ്രൂപ്പിന് ഈ വർഷം മാർച്ചിലെ കണക്കുകൾ പ്രകാരം 12,000 കോടിയിലേറെ രൂപയുടെ കടബാധ്യതകളുണ്ട്. ലോക്ക് ഡൗൺ ഗ്രൂപ്പിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയെന്നാണ് വിപണിവിദഗ്ധരുടെ നിഗമനം. ഈ സാഹചര്യത്തിൽ ബിഗ് ബസാർ, ഫുഡ്ഹാൾ, ഈസി ഡേ, ഇസോൺ, നീൽഗിരീസ്, എഫ്ബിബി, സെൻട്രൽ, ബ്രാൻഡ് ഫാക്ടറി തുടങ്ങിയ റീട്ടെയ്ൽ ബ്രാൻഡുകൾ കൈയൊഴിഞ്ഞേക്കും. ഫ്യൂച്ചറിന്റെ എല്ലാ റീട്ടെയ്ൽ ബ്രാൻഡുകൾക്കും കൂടി 1500 ഓളം സ്റ്റോറുകളാണുള്ളത്.

എന്നാൽ ഏറ്റെടുക്കൽ സംബന്ധിച്ച് ഇരു ഗ്രൂപ്പുകളും പ്രതികരിച്ചിട്ടില്ല. ജൂലൈ 15 ന് ചേരുന്ന റിലയൻസ് വാർഷിക പൊതുയോഗത്തിൽ ഇതു സംബന്ധിച്ച പ്രഖ്യാപനങ്ങൾ ഉണ്ടായേക്കുമെന്നാണ് വിലയിരുത്തൽ. റിലയൻസ് റീട്ടെയ്‌ലിന് രാജ്യത്ത് 11,784 സ്റ്റോറുകളാണുള്ളത്. കിഷോർ ബിയാനി ഇൻഷുറൻസ് സംരംഭമായ ഫ്യൂച്ചർ ജെനറാലിയിലെ ഓഹരികൾ വിൽക്കാനും ഒരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്.