റിലയൻസ് അർബൻ ലാഡറിനെയും മിൽക്ക് ബാസ്‌ക്കറ്റിനെയും ഏറ്റെടുത്തേക്കും

Posted on: August 18, 2020

മുംബൈ : റിലയൻസ് ഇ-കൊമേഴ്‌സ് രംഗത്ത് ജിയോ മാർട്ടിനെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അർബൻ ലാഡറിനെയും മിൽക്ക് ബാസ്‌ക്കറ്റിനെയും ഏറ്റെടുത്തേക്കും. ഇതു സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്. രാജീവ് ശ്രീവാസ്തവയും ആശിഷ് ഗോയലും ചേർന്ന് 2012 ൽ ആണ് ഓൺലൈൻ ഫർണിച്ചർ ബ്രാൻഡായ അർബൻ ലാഡർ ആരംഭിച്ചത്. അർബൻ ലാഡറിന് 30 ദശലക്ഷം ഡോളർ (225 കോടി) ആണ് റിലയൻസ് വാഗ്ദാനം ചെയ്തിട്ടുള്ളത്.

ഗുർഗാവ് ആസ്ഥാനമായി അനന്ത് ഗോയൽ സ്ഥാപിച്ച പാൽ വിതരണ ആപ്ലിക്കേഷനായ മിൽക് ബാസ്‌ക്കറ്റ് 2015 മുതൽ ഈ രംഗത്തുണ്ട്. ബംഗലുരു, ദ്വാരക, ഗാസിയാബാദ്, ഗ്രേറ്റർ നോയിഡ, ഗുർഗാവ്, ഹൈദരാബാദ്, നോയിഡ എന്നീ നഗരങ്ങളിൽ രണ്ടര ലക്ഷം വീടുകളിൽ മിൽക്ക് ബാസ്‌ക്കറ്റ് ഉത്പന്നങ്ങൾ വിതരണം ചെയ്യുന്നു. അർധരാത്രി വരെ ലഭിക്കുന്ന ഓർഡറുകൾ പിറ്റേന്ന് രാവിലെ ഏഴ് മുതൽ വിതരണം ചെയ്യും. പാലിന് പുറമെ ബ്രെഡ്, മുട്ട, ബട്ടർ, ജ്യൂസുകൾ തുടങ്ങി ദൈനംദിന ജീവിതത്തിൽ ആവശ്യമുള്ള ഉത്പന്നങ്ങൾ മിൽക്ക് ബാസ്‌ക്കറ്റ് ശ്രേണിയിൽ ലഭ്യമാണ്.

ഇതിനു പുറമെ ഓൺലൈൻ ഫാർമസി സ്റ്റാർട്ടപ്പായ നെറ്റ് മെഡ്‌സ്, ലിംഗേരി റീട്ടെയ്‌ലറായ സിവാമെ എന്നിവയെ ഏറ്റെടുക്കാനും നീക്കമുണ്ട്. നേരത്തെ ഫ്യൂച്ചർ റീട്ടെയ്‌ലിനെ ഏറ്റെടുക്കാനും ചർച്ചനടത്തിയിരുന്നു.