ഐ.ടി.സി. സണ്‍റൈസ് ഫുഡ്‌സിനെ ഏറ്റെടുക്കുന്നു

Posted on: May 26, 2020

മുംബൈ : പ്രമുഖ മസാല ഉത്പാദന കമ്പനിയായ സണ്‍റൈസ് ഫുഡ്‌സിനെ ഐ.ടി.സി. ഏറ്റെടുക്കുന്നു. ഡോക്ഡൗണ്‍ കാലത്ത് സണ്‍ റൈസിന്റെ മുഴുവന്‍ ഓഹരികളും ഏറ്റെടുക്കുന്നതിന് കരാര്‍ ഒപ്പുവെച്ചതായി ഐ. ടി. സി. വെളിപ്പെടുത്തി. ഏകദേശം രണ്ടായിരം കോടി രൂപ വരുന്നതാണ് ഇടപാടെന്നാണ് വിവരം. അതേസമയം, തുക എത്രയെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

അന്തിമ കരാര്‍ ഉടന്‍ ഒപ്പുവെക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ വര്‍ഷം 600 കോടി രൂപയുടെ വിറ്റുവരവാണ് സണ്‍റൈസിനുണ്ടായിരുന്നത്. വിവിധ പ്രാദേശിക രുചിഭേദങ്ങളില്‍ മസാല വിപണിയിലെത്തിക്കുന്ന 70 വര്‍ഷത്തെ പാരമ്പര്യമുള്ള ബ്രാന്‍ഡാമ് സണ്‍റൈസ്. ആശിര്‍വാദ് ബ്രാന്‍ഡില്‍ ഐ.ടി.സി. ആന്ധ്രപ്രദേശിലും തെലങ്കാനയിലും മസാല ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നുണ്ട്. അതേസമയം, കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മുന്‍നിരയിലുള്ള ബ്രാന്‍ഡാണ് സണ്‍റൈസ്.

ഉത്തര്‍പ്രദേശ്, ഡല്‍ഹി, രാജസ്ഥാന്‍, ബംഗലൂരു എന്നിവിടങ്ങളിലും ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലും സണ്‍റൈസ് ഉത്പന്നങ്ങള്‍ വില്ക്കുന്നുണ്ട്. കൊല്‍ക്കത്ത, അഗ്ര, ബിക്കാനേര്‍, ജയ്പൂര്‍, എന്നിവിടങ്ങളിലാണ് ഫാക്ടറികള്‍. എഫ്.എം.സി.ജി. ഉത്പന്ന നിര വിപുലപ്പെടുത്തുന്നതിനും വിതരണ ശൃംഖല മെച്ചപ്പെടുത്തുന്നതിനും ഏറ്റെടുക്കല്‍ ഐ.ടി.സി.ക്ക് നേട്ടമായി മാറും. 2015 ല്‍ സാവ് ലോണ്‍, ഷവര്‍ ടു ഷവര്‍ തുടങ്ങിയ ബ്രാന്‍ഡുകളെ ഐ.ടി.സി. സ്വന്തമാക്കിയിരിക്കുന്നു. 250 മുതല്‍ 300 കോടി രൂപ വരെ ചെലവിട്ടായിരുന്നു ഏറ്റെടുക്കല്‍. അതേവര്‍ഷം തന്നെ 100 കോടി പൂപ ചെലവിട്ട് ബി നാച്വറലിനെയും സ്വന്തമാക്കി.