ക്രൂഡോയിൽ വിലയിടിവ് : മുകേഷ് അംബാനിക്ക് ഏഷ്യയിലെ അതിസമ്പന്ന പദവി നഷ്ടമായി

Posted on: March 10, 2020

മുംബൈ : കൊറോണ പടരുന്ന സാഹചര്യത്തിൽ ആഗോളവിപണികളിൽ ക്രൂഡോയിൽ വിലയിടിവിനെ തുടർന്ന് റിലയൻസ് ചെയർമാൻ മുകേഷ് അംബാനിക്ക് ഏഷ്യയിലെ അതിസമ്പന്ന പദവി നഷ്ടമായി. മുകേഷ് അംബാനിയുടെ സമ്പാദ്യത്തിൽ 5.8 ബില്യൺ ഡോളറിന്റെ നഷ്ടമാണ് ഉണ്ടായത്. ആലിബാബ ഗ്രൂപ്പ് സ്ഥാപകൻ ജാക് മാ ആണ് ഇപ്പോൾ ഒന്നാം സ്ഥാനത്ത്. ജാക്ക് മാ യുടെ സമ്പാദ്യം 44.5 ബില്യൺ ഡോളറാണ്. അതായത് മുകേഷ് അംബാനിയേക്കാൾ 2.6 ബില്യൺ ഡോളർ കൂടുതൽ.

റിലയൻസ് ഇൻഡസ്ട്രീസ് ഓഹരിവിലയിൽ തിങ്കളാഴ്ച മാത്രം 12 ശതമാനം നഷ്ടമുണ്ടായി. സൗദി ഇന്ധനവില കുറച്ചതോടെ ആഗോളവില 29 വർഷം മുമ്പത്തെ നിലയിലേക്ക് താഴ്ന്നു. സൗദി എണ്ണക്കമ്പനിയായ ആരാംകോയുടെ ഓഹരിവില 10 ശതമാനം ഇടിഞ്ഞു.