കിറ്റെക്‌സ് 3500 കോടി മുടക്കും;

Posted on: January 17, 2020

കൊച്ചി : കിറ്റെക്‌സ് ഗ്രൂപ്പ് 3500 കോടിയുടെ വികസനം നടപ്പാക്കി 4000 കോടി രൂപ വാര്‍ഷിക വരുമാനം ലക്ഷ്യമിടുന്നു. കുട്ടികളുടെ വസ്ത്രങ്ങള്‍ നിര്‍മിക്കുന്നത് മൂന്നിരട്ടിയോളം വര്‍ധിപ്പിക്കുക മാത്രമല്ല പുതിയ കോട്ടണ്‍ സ്പിന്നിംഗ് മില്ലും 3 സ്വകാര്യ വ്യവസായ പാര്‍ക്കുകളും വികസനത്തിന്റെ ഭാഗമാണെന്ന് എംഡി സാബു എം. ജേക്കബ് അറിയിച്ചു. വികസനം 2025 നകം നടപ്പാക്കുമ്പോള്‍ കിറ്റെക്‌സ് ജീവനക്കാരുടെ എണ്ണം 35000 കവിയും നിലവില്‍ 11000 പേരാണുള്ളത്.

പാലക്കാട്, കൊച്ചി, തിരുവനന്തപുരം ജില്ലകളില്‍ മൂന്നു സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്ക് 1500 കോടി മുതല്‍ മുടക്കും. 50 ഏക്കര്‍ വീതമുള്ള വ്യവസായ പാര്‍ക്കുകളില്‍ വൈദ്യുതിയും റോഡും അഗ്നിസുരക്ഷാ സൗകര്യവും ഫാക്ടറി കെട്ടിടങ്ങളും കന്റീനും നൈപുണ്യ പരിശീലന കേന്ദ്രവും ഉണ്ടാവും. സ്റ്റാര്‍ട്ടപ് കമ്പനികള്‍ക്ക് നൂലാമാലകളുടെ പിറകേ പോകാതെ വളരെ വേഗം പ്രര്‍ത്തനം തുടങ്ങാന്‍ കഴിയും. ഓരോ പാര്‍ക്കിലും 5000 തൊഴിലവസരങ്ങളാണ് ഉദ്ദേശിക്കുന്നത്.

നിലവില്‍ ദിനംപ്രതി കുട്ടികളുടെ വസ്ത്രങ്ങള്‍ 8 ലക്ഷമാണ് കിറ്റെക്‌സ് നിര്‍മിച്ചു കയറ്റുമതി ചെയ്യുന്നത്. 2025 ആകുമ്പോഴേക്കും ഇത് 22 ലക്ഷമാക്കും. വിദേശങ്ങളില്‍ ആവശ്യം ഇതിലേറെയുണ്ട്. കാര്‍ട്ടേഴ്‌സ്, ചില്‍ഡ്രന്‍സ് പ്ലേസ്, ഗര്‍ബന്‍ തുടഹ്ങിയ യുഎസ് ബ്രാന്‍ഡുകള്‍ക്കും വോള്‍മാര്‍ട്ട്, ആമസോണ്‍, റോസ് സ്‌റ്റോഴ്‌സ്, ടാര്‍ഗറ്റ്‌സ്, ടിജെ മാക്‌സ് തുടങ്ങിയ സ്ഥാപനങ്ങള്‍ക്കും കിറ്റെക്‌സ് സപ്ലൈ ചെയ്യുന്നുണ്ട്. ലിറ്റില്‍ സ്റ്റാര്‍ എന്ന സ്വന്തം ബ്രാന്‍ഡിലും കുട്ടിയുടുപ്പുകള്‍ വിപണനം ചെയ്യുന്നു.

കോട്ടണ്‍ സ്പിന്നിംഗ് മില്‍ 700 കോടി മുടക്കിയാകും സ്ഥാപിക്കുക. ഇതെല്ലാം ചേരുമ്പോഴാണ് ആകെ നിക്ഷേപം 3500 കോടിയിലെത്തുന്നത്. 910 കോടിയുടെ നിക്ഷേപത്തിന് ബോര്‍ഡിന്റെ അനുമതി ലഭിച്ചു.

TAGS: Kitex Garments |