കരിമ്പുകൃഷിയില്‍ ഹരിത വിപ്ലവം സൃഷ്ടിക്കാന്‍ കിഴക്കമ്പലത്തെ സ്ത്രീകള്‍

Posted on: May 24, 2019

 

കൊച്ചി: ജൈവ കരിമ്പുകൃഷിയിലൂടെ മായമില്ലാത്ത ശര്‍ക്കര ഉത്പാദിപ്പിക്കുക
എന്ന ലക്ഷ്യവുമായി കിഴക്കമ്പലത്തെ സ്ത്രീ കൂട്ടായ്മ. ട്വന്റി20യുടെ ഹരിത കിഴക്കമ്പലം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ-തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെ അമ്പുനാട്, മാളിയേക്കമോളം എന്നീ വാര്‍ഡുകളിലാണ് ആദ്യപടിയായി കരിമ്പുകൃഷി ഇറക്കുന്നത്. നാലു പേരടങ്ങുന്ന രണ്ട് സംഘങ്ങളാണ് നിലവില്‍ ഏഴ് ഏക്കറോളം വരുന്ന ഭൂമിയില്‍ കൃഷി ആരംഭിക്കുന്നത്. ഭാവിയില്‍ 20 എക്കറില്‍ കരിമ്പുകൃഷി വ്യാപിക്കുവാനാണ് ട്വന്റി20 ലക്ഷ്യമിടുന്നത്.

അനിത സുരേഷ്, ഷീബ സുലൈമാന്‍, സിന്ധു ബിനോയ്, സിനി വിജയന്‍ എന്നിവര്‍ അമ്പുനാട് വാര്‍ഡിലും, ചന്ദ്രിക മാധവന്‍, ഡേസി ജോര്‍ജ്, ലിസി സതീഷ്, ലിസി വര്‍ഗ്ഗീസ് എന്നിവര്‍ മാളിയേക്കമോളം വാര്‍ഡിലുമാണ് കൃഷി ഇറക്കുന്നത്.

മറ്റകണ്ടങ്ങളാണ് കൃഷിയിറക്കാനായി തെരഞ്ഞെടുത്തിരിക്കുന്നത്. കൃഷിയിറക്കുന്നതിന് മുന്നോടിയായി രോഗങ്ങളെ ചെറുക്കാന്‍ ആവശ്യമായ പ്രതിവിധികള്‍ പ്രയോഗിച്ചിട്ടുണ്ട്. മാളിയേക്കമോളം വാര്‍ഡില്‍ കരിമ്പുകൃഷിയോടൊപ്പം മത്സ്യ കൃഷിയും ഒരുക്കാനാണ് പദ്ധതി. തൊഴിലുറപ്പ് പദ്ധതിക്ക് കീഴില്‍ 958 തച്ചിലൂടെ കൃഷിക്കനുയോജ്യമാക്കിയ ഭൂമിയില്‍ ട്വന്റി20 കൃഷിക്കാവശ്യമായ തൈകള്‍ നല്കി.

വിളവെടുക്കുന്ന കരിമ്പുകളില്‍ നിന്ന് മായമില്ലാത്ത ശര്‍ക്കര ഉത്പാദിപ്പിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. കര്‍ഷകര്‍ക്ക് ന്യായ വില നല്കി വാങ്ങുന്ന ശര്‍ക്കര ഭക്ഷ്യസുരക്ഷ മാര്‍ക്കറ്റിലൂടെ കിഴക്കമ്പലത്തെ ജനങ്ങള്‍ക്ക് തന്നെ ലഭ്യമാക്കും എന്ന് ട്വന്റി20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് പറഞ്ഞു.