ഇന്ത്യയുടെ വളര്‍ച്ച 4.3 ശതമാനമായി ചുരുങ്ങും – നോമുറ

Posted on: December 13, 2019

ന്യൂഡല്‍ഹി :  ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ഈ വർഷം ഡിസംബറിൽ അവസാനിക്കുന്ന ക്വാർട്ടറിൽ (ഒക്‌ടോബർ – ഡിസംബർ) 4.3 ശതമാനമായി ചുരുങ്ങുമെന്ന് ജാപ്പനീസ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് സ്ഥാപനമായ നോമുറ. ബാങ്കിംഗ് ഇതര ധനകാര്യ മേഖലയിലെ പ്രതിസന്ധി സംബന്ധിച്ച് ആശങ്കയാണ് വളര്‍ച്ചാ നിരക്ക് കുറയാനുള്ള കാരണമായി പറയുന്നത്. ഈ വര്‍ഷം സെപ്റ്റംബര്‍ ക്വാർട്ടറിൽ 4.5 ശതമാനം സാമ്പത്തിക വളര്‍ച്ചയാണ് ഇന്ത്യ രേഖപ്പെടുത്തിയത്.

2020 – ന്റെ ആദ്യ ക്വാർട്ടറിൽ  ജിഡിപി   വളര്‍ച്ച 4.7 ശതമാനത്തിലേക്ക് എത്തുമെന്നും നോമുറ പ്രതീക്ഷ പ്രകടിപ്പിക്കുന്നു. എന്‍.ബി.എഫ്.സി. മേഖലയില്‍ പ്രതിസന്ധി തുടരുന്നതിനാല്‍ ആഭ്യന്തര വായ്പാ സാഹചര്യം സമ്മര്‍ദത്തില്‍ തുടരുമെന്ന് നോമുറ ഇന്ത്യ- ഏഷ്യ വിഭാഗം മുഖ്യ സാമ്പത്തിക വിദഗ്ധ സൊനാല്‍ വര്‍മ പറഞ്ഞു. നടപ്പുവര്‍ഷം 4.9 ശതമാനം ജി.ഡി.പി. വളര്‍ച്ചയാണ് നോമുറ പ്രതീക്ഷിക്കുന്നത്. നേരത്തെ 2019 ല്‍ 5.3 ശതമാനവും 2020- ല്‍ 5.5 ശതമാനവും വളര്‍ച്ച പ്രതീക്ഷിച്ചിരുന്നു.  ഇന്ത്യ 2021 ൽ  6.5 ശതമാനം വളര്‍ച്ച നേടും. നടപ്പു സാമ്പത്തിക വര്‍ഷം 4.7 ശതമാനവും അടുത്ത സാമ്പത്തിക വര്‍ഷം 5.7 ശതമാനവും വളര്‍ച്ചയാണ് നോമുറ പ്രതീക്ഷിക്കുന്നത്.

TAGS: Nomura |