ഐഒസി ഓഹരി വില്പന 9,500 കോടി സമാഹരിക്കും

Posted on: August 22, 2015

Indian-Oil-Corporation-Sign

ന്യൂഡൽഹി : ഇന്ത്യൻ ഓയിൽ കോർപറേഷന്റെ 10 ശതമാനം ഓഹരിവില്പനയിലൂടെ 9,500 കോടി രൂപ സമാഹരിക്കാൻ കേന്ദ്രഗവൺമെന്റ് ഒരുങ്ങുന്നു. ഈ വർഷത്തെ നാലാമത്തെ ഓഹരിവില്പനയാണ് ഓഗസ്റ്റ് 24 ന് നടക്കുന്നത്. ഐഒസിയുടെ 24.28 കോടി ഓഹരികളാണ് ഒഎഫ്‌സ് (ഓഫർ ഫോർ സെയിൽ) രീതിയിൽ വില്പന നടത്തുന്നത്. രാവിലെ 9.15 ന് ആരംഭിക്കുന്ന ഒഎഫ്എസ് ഉച്ചകഴിഞ്ഞ് 3.30 ന് അവസാനിക്കും.

ഐഒസിയുടെ 68.6 ശതമാനം ഓഹരികൾ കേന്ദ്രഗവൺമെന്റിന്റെ നിയന്ത്രണത്തിലാണ്. ഓഹരിയുടെ ഫ്‌ളോർ പ്രൈസ് ഇന്ന് വൈകുന്നേരം പ്രഖ്യാപിക്കും. സിറ്റി ഗ്രൂപ്പ്, ഡ്യൂഷെ ഇക്വിറ്റീസ്, നോമുറ, ജെഎം ഫിനാൻഷ്യൽ, കൊട്ടക് സെക്യൂരിറ്റീസ് എന്നിവരാണ് മർച്ചന്റ് ബാങ്കർമാർ.

രാജ്യത്തെ ഏറ്റവും വലിയ ഓയിൽ റിഫൈനിംഗ് ആൻഡ് മാർക്കറ്റിംഗ് കമ്പനിയായ ഐഒസിക്ക് 54.2 മില്യൺ ടൺ റിഫൈനിംഗ് ശേഷിയുണ്ട്. ഇന്ത്യയിലെ മൊത്തം റിഫൈനിംഗ് ശേഷിയുടെ നാലിലൊന്ന് വരുമിത്. ഇന്ത്യയിലെ 53,419 പെട്രോൾ പമ്പുകളിൽ 24,405 പമ്പുകൾ ഐഒസിയുടെ നിയന്ത്രണത്തിലാണ്. ഓഹരിവില്പനയിലൂടെ നടപ്പുവർഷം 69,500 കോടി രൂപ സമാഹരിക്കാനാണ് ഗവൺമെന്റ് ലക്ഷ്യമിട്ടിട്ടുള്ളത്.