ഓൺലൈൻ വ്യാപാരം 70 ബില്യൺ ഡോളറിലേക്ക് കുതിക്കുന്നു

Posted on: October 27, 2015

E---Commerce-Big-a

ന്യൂഡൽഹി : ഇന്ത്യയിലെ ഓൺലൈൻ വ്യാപാരം 2019 ടെ 70 ബില്യൺ ഡോളറിൽ (4,55,000 കോടി രൂപ) എത്തിയേക്കും. ഇ-കൊമേഴ്‌സ് 2014 ലെ 17 ബില്യൺ ഡോളറിൽ നിന്ന് 2019 ൽ 60-70 ബില്യൺ ഡോളറിന്റേതായി വളരുമെന്നാണ് രാജ്യാന്തര മാനേജ്‌മെന്റ് കൺസൾട്ടൻസി സ്ഥാപനമായ ബോസ്റ്റൺ കൺസൾട്ടിംഗ് ഗ്രൂപ്പിന്റെ വിലയിരുത്തൽ. എന്നാൽ വളർച്ച 35 ബില്യൺ ഡോളറിൽ ഒതുങ്ങുമെന്നാണ് ജാപ്പനീസ് ധനകാര്യസ്ഥാപനമായ നൊമുറയുടെ നിഗമനം. ഒക്‌ടോബർ മുതൽ ഡിസംബർ വരെയുള്ള ഉത്സവ സീസണിലാണ് ഇ-കൊമേഴ്‌സ് ബിസിനസിന്റെ 35-40 ശതമാനവും നടക്കുന്നത്.

വിപണി നിഗമനങ്ങൾ എന്തായാലും വളർച്ച ലക്ഷ്യമിട്ട് പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനികളെല്ലാം വൻതോതിലുള്ള മുതൽമുടക്ക് നടത്തിവരികയാണ്. നിക്ഷേപത്തിലേറെയും സംഭരണശേഷി വർധിപ്പിക്കുന്നതിനും വിതരണശൃംഖല മെച്ചപ്പെടുത്തുന്നതിനുമാണ്. ആമസോൺ കഴിഞ്ഞ വർഷം രണ്ട് ബില്യൺ ഡോളറിന്റെ (13,000 കോടി രൂപ) നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഫാഷൻ റീട്ടെയ്‌ലറായ മിന്ത്ര 2018-20 ൽ 5 ബില്യൺ ഡോളർ (32,500 കോടി രൂപ) വിറ്റുവരവാണ് ലക്ഷ്യമിടുന്നത്. ഫ്‌ലിപ്കാർട്ട് നാല് ബില്യൺ ഡോളർ വിറ്റുവരാണ് കഴിഞ്ഞ വർഷം ലക്ഷ്യമിട്ടിരുന്നത്.

നിരവധി ഏറ്റെടുക്കലുകൾ നടത്തി മുന്നേറുന്ന സ്‌നാപ്ഡീൽ അടുത്ത മൂന്നു വർഷത്തിനുള്ളിൽ ഗവേഷണ വികസനപ്രവർത്തനങ്ങൾക്കായി 100 മില്യൺ ഡോളർ (650 കോടി രൂപ) മുതൽമുടക്കും. വളർച്ചയുടെ ഭാഗമായി പബ്ലിക്ക് ഇഷ്യു നടത്താനും സ്‌നാപ്ഡീൽ ആലോചിക്കുന്നുണ്ട്.