ഒക്ടോബറിൽ 60 ലക്ഷം ആഭ്യന്തര വിമാനയാത്രക്കാർ

Posted on: November 18, 2014

Indigo-Airlines-big

രാജ്യത്ത് ഒക്ടോബറിൽ 59.25 ലക്ഷം പേർ ആഭ്യന്തരവിമാനയാത്ര നടത്തിയതായി ഡിജിസിഎ. മുൻവർഷം ഇതേകാലയളവിനേക്കാൾ 18.31 ശതമാനം (50.08 ലക്ഷം) വളർച്ചയാണ് കൈവരിച്ചത്. ഇൻഡിഗോയാണ് മാർക്കറ്റ് ലീഡർ. ഒക്ടോബറിൽ 18.90 ലക്ഷം പേർ ഇൻഡിഗോയിൽ യാത്രചെയ്തു. 2013 ഒക്ടോബറിൽ 15.1 ലക്ഷം യാത്രക്കാരെയാണ് ഇൻഡിഗോ കൈകാര്യം ചെയ്തത്.

എയർഇന്ത്യ (11.56 ലക്ഷം), സ്‌പൈസ് ജെറ്റ് (10.27 ലക്ഷം) എന്നിവയാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ. 2013 ഒക്ടോബറിൽ സ്‌പൈസ്‌ജെറ്റ് 10.02 ലക്ഷം യാത്രക്കാരുമായി രണ്ടാം സ്ഥാനത്തുണ്ടായിരുന്നു.

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യവിമാനക്കമ്പനിയായ ജെറ്റ് എയർവേസിന് നാലാം സ്ഥാനത്താണ്. 9.73 ലക്ഷം പേർ മാത്രമാണ് ജെറ്റ് എയർവേസ് തെരഞ്ഞെടുത്തത്. ഇതിൽ 2.42 ലക്ഷം പേർ ജെറ്റ് ലൈറ്റിൽ യാത്ര ചെയ്തവരാണ്. ഗോ എയറിൽ 5.04 ലക്ഷവും എയർ കോസ്റ്റയിൽ 0.67 ലക്ഷവും എയർഏഷ്യ ഇന്ത്യയിൽ 0.66 ലക്ഷവും യാത്രക്കാരുണ്ടായിരുന്നു.

പലവിധ കാരണങ്ങളാൽ ബോർഡിംഗ് നിഷേധിച്ചതിനെ തുടർന്ന് 1,800 യാത്രക്കാർക്കായി വിമാനക്കമ്പനികൾ 88.67 ലക്ഷം രൂപ നഷ്ടപരിഹാരം നൽകി.കാൻസലേഷൻ മൂലം 9,700 പേർക്ക് 58.20 ലക്ഷം രൂപയുടെ നഷ്ടപരിഹാരം വേറെയും വിതരണം ചെയ്തതായി ഡിജിസിഎ വെളിപ്പെടുത്തി.