1,799 രൂപ മുതല്‍ ആരംഭിക്കുന്ന വിമാനടിക്കറ്റുകളുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് ടൈം ടു ട്രാവല്‍

Posted on: January 10, 2024

കൊച്ചി : ആഭ്യന്തര വിമാന യാത്രക്കാര്‍ക്കായി 1,799 രൂപ മുതല്‍ ആരംഭിക്കുന്ന നിരക്കുകളുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് ടൈം ടു ട്രാവല്‍ സെയില്‍ പ്രഖ്യാപിച്ചു. ഈ വര്‍ഷം സെപ്റ്റംബര്‍ 30 വരെയുള്ള യാത്രകള്‍ക്കായി ജനുവരി 11 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകളാണ് പ്രത്യേക നിരക്കില്‍ ലഭിക്കുക.

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ കൊച്ചിയില്‍ നിന്നുള്ള ബെംഗളൂരു, ഹൈദരാബാദ്, ന്യൂഡല്‍ഹി സര്‍വീസുകള്‍ക്കും തിരുവനന്തപുരത്ത് നിന്നുള്ള ബെംഗളൂരു ചെന്നൈ സര്‍വീസുകള്‍ക്കും കണ്ണൂരില്‍ നിന്നുള്ള ബെംഗളൂരു തിരുവനന്തപുരം സര്‍വീസുകള്‍ക്കും കോഴിക്കോട് നിന്നുള്ള ആഭ്യന്തര സര്‍വീസുകള്‍ക്കും ടൈം ടു ട്രാവല്‍ സെയിലിന്റെ ഭാഗമായുള്ള പ്രത്യേക ടിക്കറ്റ് നിരക്കുകള്‍ ബാധകമാണ്. കൂടാതെ എയര്‍ലൈനിന്റെ നെറ്റ്വര്‍ക്കിലുടനീളം സെയിലിന്റെ ഭാഗമായി ഡിസ്‌ക്കൗണ്ടുകളും ലഭിക്കും.

35 ബോയിംഗ് 737, 28 എയര്‍ബസ് എ320 എന്നിവയുള്‍പ്പെടെ 63 വിമാനങ്ങളുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് 31 ആഭ്യന്തര, 14 അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്കായി പ്രതിദിനം 325-ലധികം വിമാനസര്‍വീസുകള്‍ നടത്തുന്നുണ്ട്.

ന്യൂപാസ് റിവാഡ്‌സ് പ്രോഗ്രാമിന്റെ ഭാഗമായി, വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് ടിക്കറ്റെടുക്കുന്ന ഹൈഫ്‌ലയര്‍, ജെറ്റ്‌സെറ്റര്‍ ബാഡ്ജുകളുള്ള അംഗങ്ങള്‍ക്ക് എക്‌സ്പ്രസ് എഹെഡ് മുന്‍ഗണനാ സേവനങ്ങള്‍ സൗജന്യമായി ലഭിക്കും. ടാറ്റ ന്യൂപാസ് റിവാഡ്‌സ് പ്രോഗ്രാമിലെ അംഗങ്ങള്‍ക്ക് ഭക്ഷണം, സീറ്റുകള്‍, ബാഗേജുകള്‍, മാറ്റം, റദ്ദാക്കല്‍ ഫീസ് ഇളവുകള്‍ എന്നിവ പോലുള്ള എക്‌സ്‌ക്ലൂസീവ് മെമ്പര്‍ ആനുകൂല്യങ്ങള്‍ക്ക് പുറമേ 8 ശതമാനം വരെ ന്യൂകോയിന്‍സും ലഭിക്കും. ലോയല്‍റ്റി അംഗങ്ങള്‍ക്ക് പുറമേ, വിദ്യാര്‍ത്ഥികള്‍, മുതിര്‍ന്ന പൗരന്മാര്‍, ചെറുകിട ഇടത്തരം സംരംഭങ്ങള്‍, ആശ്രിതര്‍, സായുധ സേനാംഗങ്ങള്‍ എന്നിവര്‍ക്കും എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വെബ്‌സൈറ്റിലും മൊബൈല്‍ ആപ്പിലും പ്രത്യേക നിരക്കുകള്‍ ലഭിക്കും.

എയര്‍ ഇന്ത്യ എക്‌സ്പ്രസ് അടുത്തിടെ നവീകരിച്ച ബ്രാന്‍ഡ് ഐഡന്റിറ്റി അനാവരണം ചെയ്തിരുന്നു. വൈവിധ്യമാര്‍ന്ന ഗൊര്‍മേര്‍ ഭക്ഷണം, സുഖപ്രദമായ ഇരിപ്പിടങ്ങള്‍, എയര്‍ഫ്‌ലിക്‌സ് ഇന്‍-ഫ്‌ലൈറ്റ് എക്‌സ്പീരിയന്‍സ് ഹബ്, എക്‌സ്‌ക്ലൂസീവ് ലോയല്‍റ്റി ആനുകൂല്യങ്ങള്‍ എന്നിവ എയര്‍ലൈന്‍ വാഗ്ദാനം ചെയ്യുന്നു.

TAGS: Air India |