എൽപിജി ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ സ്‌കീം ഇന്നു മുതൽ

Posted on: November 15, 2014

IOC-lpg-press-meet

പാചകവാതക സബ്‌സിഡി നേരിട്ട് ഉപഭോക്താക്കൾക്ക് എത്തിക്കുന്ന നവീകരിച്ച ഡയറക്റ്റ് ബെനിഫിറ്റ് ട്രാൻസ്ഫർ ഓഫ് എൽ പി ജി ( ഡി ബി ടി എൽ) പദ്ധതിയുടെ ആദ്യഘട്ടം ഇന്ന്  54 ജില്ലകളിൽ ആരംഭിക്കും. 2013 ജൂൺ ഒന്നിന് രാജ്യത്തെ 291 ജില്ലകളിൽ ഇത് നടപ്പാക്കിയിരുന്നു. ഇതനുസരിച്ച് ഉപഭോക്താക്കൾക്ക് സബ്‌സിഡി ലഭിക്കണമെങ്കിൽ ആധാർ കാർഡ് നിർബന്ധമായിരുന്നു. എന്നാൽ ഇതിനെതിരെ വ്യാപകമായി പരാതി ഉയർന്നതോടെ ഇത് പുനപരിശോധിക്കാൻ സർക്കാർ നിർബന്ധിതരായി.

നവീകരിച്ച പദ്ധതിക്കാണ് ഇന്നു മുതൽ 54 ജില്ലകളിൽ തുടക്കമാകുന്നത്. ഡി ബി ടി എൽ ന്റെ രണ്ടാം ഘട്ടം 2015 ജനുവരി ഒന്നിന് മറ്റു സ്ഥലങ്ങളിൽ നിലവിൽ വരുമെന്ന് ഇന്ത്യൻ ഓയിൽ കേരള ജനറൽ മാനേജർ മുരളി ശ്രീനിവാസൻ അറിയിച്ചു. ഐഒസി എൽപിജി ഡിജിഎം ടി.സതീഷ്‌കുമാർ ബിപിസിഎൽ ഏരിയ മാർക്കറ്റിംഗ് മാനേജർ സോമചൂഡൻ, എച്ച്പിസി എൽപിജി പ്ലാന്റ് മാനേജർ താജിബ് സേട്ട് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

നിലവിൽ ഡി ബി ടി എൽ പദ്ധതിയിൽ അംഗമായവരും ബാങ്ക് അക്കൗണ്ടുകളിൽ സബ്‌സിഡി പണമായി ലഭിക്കുന്നവരും പുതിയ പദ്ധതിയിൽ ചേരാൻ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല. www.MyLPG.in എന്ന സൈറ്റിൽ സി ടി സി സ്റ്റാറ്റസ് നോക്കി ഇത് ഉറപ്പ് വരുത്താവുന്നതാണ്.

നവീകരിച്ച പദ്ധതി അനുസരിച്ച് ആധാർ നമ്പർ ഇല്ലാത്തവർക്കും സബ്‌സിഡി ബാങ്ക് അക്കൗണ്ടിൽ പണമായി ലഭിക്കും. ആധാർ നമ്പർ ലഭിച്ച ശേഷം അത് അക്കൗണ്ട് നമ്പരുമായി ബന്ധിപ്പിച്ചാൽ മതിയാകും.

കാഷ് ട്രാൻസ്ഫർ കംപളയന്റ് ( സി ടി സി) സ്റ്റാറ്റസിൽ ഉൾപ്പെടാത്ത ഉപഭോക്താക്കൾക്ക് 3 മാസത്തെ ഗ്രേസ് പീരിയഡ് ലഭിക്കും. ഈ കാലയളവിൽ ഇവർക്ക് സബ്‌സിഡി നിരക്കിൽ ഗ്യാസ് സിലിണ്ടർ ലഭിക്കും. ഗ്രേസ് പീരിയഡിന് ശേഷം 3 മാസം പാർക്കിംഗ് പീരിയഡ് ആയി ലഭിക്കും. ഈ കാലയളവിൽ വിപണി നിരക്കിലായിരിക്കും സിലിണ്ടർ ലഭിക്കുക.ഇക്കാലയളവിൽ ഡി ബി ടി എൽ പദ്ധതിയിൽ ചേരുന്നവർക്ക് പാർക്കിംഗ് പീരിയഡിലെ സബ്‌സിഡി ബാങ്ക് അക്കൗണ്ടിൽ ലഭിക്കും. ഉപഭോക്താക്കൾ ആദ്യ ബുക്കിംഗ് നടത്തുമ്പോൾ തന്നെ പെർമനന്റ് അഡ്വാൻസ് തുക ബാങ്ക് അക്കൗണ്ടിൽ വരും.

11 സംസ്ഥാനങ്ങളിലെ 54 ജില്ലകളിലായി 2.33 കോടി ഭവനങ്ങളിൽ പദ്ധതിയുടെ
ഗുണഫലം എത്തും. ആധാർ നമ്പർ ഇനിയും ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെടുത്താത്തവർ എത്രയും പെട്ടെന്ന് അത് ചെയ്യണമെന്നു അധികൃതർ അഭ്യർഥിച്ചു. നിലവിൽ ആധാർ നമ്പർ ഇല്ലാത്തവരോ ഇതേ വരെ ബാങ്ക് അക്കൗണ്ട് നമ്പരുമായി ബന്ധിപ്പിക്കാത്തവരോ നിലവിലുള്ള 17 അക്ക എൽ പി ജി ഐ ഡി ബാങ്കിൽ നൽകേണ്ടതാണ്. സബ്‌സിഡിയുടെ ആനുകൂല്യം യഥാർത്ഥ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡി ബി ടി എൽ പദ്ധതി നടപ്പാക്കുന്നത്.

പദ്ധതിയിൽ ചേരുന്ന എല്ലാവർക്കും എസ് എം എസ് വഴി അറിയിപ്പ് ലഭിക്കും. ഇതിനായി എല്ലാ ഉപഭോക്താക്കളും തങ്ങളുടെ മൊബൈൽ നമ്പർ വിതരണക്കാരുടെ പക്കൽ രജിസ്റ്റർ ചെയ്യണം. കാഷ് മെമ്മോയോടോപ്പമേ സിലിണ്ടറുകൾ കൈപ്പറ്റാവു എന്നും അധികൃതർ അഭ്യർത്ഥിച്ചു.