ലുലു ഗ്രൂപ്പ് ഈജിപ്തില്‍ 3500 കോടി മുതല്‍ മുടക്കും

Posted on: August 29, 2019

കെയ്‌റോ : ഈജിപ്തില്‍ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ ലുലു ഗ്രൂപ്പ് ഒരുങ്ങുന്നു. ഈജിപ്ത് സര്‍ക്കാരിന്റെ സഹകരണത്തോടെ നാല് പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റുകളാണ് ലുലു ആരംഭിക്കുന്നത്. ഇത് സംബന്ധിച്ച അന്തിമകരാറില്‍ ലുലു ഗ്രൂപ്പും ഈജിപ്ത് സര്‍ക്കാരും ഒപ്പുവെച്ചു.

പ്രധാനമന്ത്രി മുസ്തഫ മദ്ബൗലിയുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ വ്യാപാരവകുപ്പ് സഹമന്ത്രി ഇബ്രാഹിം അഷ്ടാവി, ഹൗസിംഗ് വകുപ്പ് സഹമന്ത്രി താരിഖ് എല്‍ സെബായി എന്നിവര്‍ ഈജിപ്ത് സര്‍ക്കാരിനെ പ്രതിനിധാനം ചെയ്തു. ലുലു ഗ്രൂപ്പിനുവേണ്ടി ചെയര്‍മാന്‍ എം. എ. യൂസഫലിയും കരാറില്‍ ഒപ്പുവെച്ചു. വ്യാപാരവകുപ്പ് മന്ത്രി അലി അല്‍ മെസെല്‍ഹി, നഗരാസൂത്രണവകുപ്പ് മന്ത്രി അസ്സെം അല്‍ ഗസ്സല്‍, ലുലു ഈജിപ്ത് ഡയറക്ടര്‍ ജൂസാര്‍ രൂപാവാല, ലുലു ഫൈനാന്‍സ് ഡയറക്ടര്‍ പരമേശ്വരന്‍ നമ്പൂതിരി എന്നിവരും സംബന്ധിച്ചു.

കരാര്‍പ്രകാരം നാല് ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ തലസ്ഥാനമായ കെയ്‌റോവിലും സമീപനഗരങ്ങളിലും ഈജിപ്ത് സര്‍ക്കാര്‍ നിര്‍മിച്ച് ലുലുവിന് കൈമാറും. ഇതു കൂടാതെ ആറ് ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ കൂടി ഈജിപ്തിലെ വിവിധ നഗരങ്ങളില്‍ ലുലു ആരംഭിക്കും. 3500 കോടി രൂപയാണ് (500 ദശലക്ഷം ഡോളര്‍) ഈജിപ്തിലെ പ്രവര്‍ത്തന വിപുലീകരണത്തിനായി ലുലു വകയിരുത്തുന്നത്.

കൂടുതല്‍ വിദേശനിക്ഷേപകരെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് ഈജിപ്ത് സര്‍ക്കാര്‍ ലുലു ഗ്രൂപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ മലയാളികളടക്കം 8000 ലേറെപ്പേര്‍ക്ക് പുതുതായി ജോലി നല്‍കാന്‍ സാധിക്കുമെന്ന് യൂസഫലി പറഞ്ഞു.

TAGS: Lulu Group |