ആധാർ പണമിടപാട് : എണ്ണം 200 ദശലക്ഷം കടന്നു

Posted on: August 13, 2019

കൊച്ചി : ആധാർ അധിഷ്ഠിത പണമിടപാടുകളുടെ എണ്ണം ജൂലൈയിൽ 200 ദശലക്ഷം കടന്നതായി നാഷണൽ പേമെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ അറിയിച്ചു. ഇതു റെക്കോർഡ് ആണ്. ആധാറിനെ ആധാരമാക്കി ബിസിനസ് കറസ്പോണ്ടർമാർ വഴി മൈക്രോ എടിഎമ്മിൽ (പോസ്) ഇടപാടു നടത്താൻ സഹായികുന്ന ബാങ്കിംഗ് മാതൃകയാണ് എഇപിഎസ്.

ജൂലൈയിൽ 220.18 ദശലക്ഷം ഇടപാടുകൾ വഴി 9,685.35 കോടി രൂപയുടെ ഇടപാടാണ് നടന്നത്. മുൻവർഷമിതേ കാലയളവിൽ യഥാക്രമം 194.33 ദശലക്ഷം ഇടപാടും 8,867.33 കോടി രൂപയുമായിരുന്നു. എഇപിഎസ് വഴി ജൂലൈയിൽ 6.65 കോടി പൗരന്മാർ ബാങ്കിംഗ് സേവനങ്ങൾ സ്വീകരിച്ചുവെന്ന് എൻപിസിഐ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ പ്രവീണ റായ് പറഞ്ഞു.

പണം പിൻവലിക്കൽ, ഇന്റർബാങ്ക്, ഇൻട്രാബാങ്ക് പണം കൈമാറ്റം, ബാലൻസ് അന്വേഷണം തുടങ്ങിയ അടിസ്ഥാന ബാങ്കിംഗ് ഇടപാടുകൾ ആധാർ ഉപയോഗിച്ച് നടത്താൻ അക്കൗണ്ട് ഉടമയെ എഇപിഎസ് അനുവദിക്കുന്നു. എഇപിഎസ് വഴി ഇടപാടുനടത്താൻ ആകെ വേണ്ടത് ഇടപാടുകാരന്റെ ബാങ്ക് അക്കൗണ്ട് നമ്പർ, ആധാർ നമ്പർ, ഫിംഗർ പ്രിന്റ് എന്നിവ മാത്രം മതി.