‘റൂപേ സെലക്ട്’ അവതരിപ്പിച്ച് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയും എന്‍പിസിഐയും

Posted on: December 22, 2020

കൊച്ചി : നാഷണല്‍ പേമെന്റ്സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ‘റൂപേ സെലക്ട്’ എന്ന പേരില്‍ കോണ്ടാക്ട്ലെസ് ഡെബിറ്റ് കാര്‍ഡ് പുറത്തിറക്കി. ബാങ്കിന്റെ നൂറ്റിപ്പത്താം സ്ഥാപകദിനാഘോഷത്തോടനുബന്ധിച്ചാണ് കാര്‍ഡ് പുറത്തിറക്കിയിട്ടുള്ളത്.

വ്ര്ച്വലായ നടത്തിയ ചടങ്ങില്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പല്ലവ് മോഹപത്രയാണ് കാര്‍ഡ് പുറത്തിറക്കിയത്. എന്‍പിസിഐ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ദിലീപ് അസ്ബെ ചടങ്ങില്‍ സന്നിഹിതനായിരുന്നു.

ഗോള്‍ഫ് കോഴ്സുകള്‍, ജിമ്മുകള്‍, സ്പാകള്‍, റെസ്റ്റോറന്റുകള്‍ എന്നിവയില്‍ സെന്‍ട്രല്‍ ബാങ്ക് റുപേ സെലക്ട് ഡെബിറ്റ് കാര്‍ഡിന്റെ ഉപയോക്താക്കള്‍ക്ക് കോംപ്ലിമെന്ററി അംഗത്വവും ആനുകൂല്യവും ലഭിക്കും. കൂടാതെ, ഈ നാഷണല്‍ കോമണ്‍ മൊബിലിറ്റി ഡെബിറ്റ് കാര്‍ഡ് (എന്‍സിഎംസി) ഉപയോഗിച്ച് സൗജന്യനിരക്കില്‍ ഹെല്‍ത്ത് ചെക്ക്-അപ്പുകള്‍ നടത്താം. അധികച്ചെലവില്ലാതെ പത്തു ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സും കാര്‍ഡ് ഉടമകള്‍ക്കു ലഭിക്കും.

ഒഎസ്ടിഎയുമായി സഹകരിച്ച് ബാങ്ക് ഫാസ്റ്റാഗും പുറത്തിറക്കിയിട്ടുണ്ട്. ഫാസ്റ്റാഗ് അക്കൗണ്ടിലേക്ക് മാറ്റുന്ന തുകയ്ക്ക് പലിശ നഷ്ടപ്പെടാത്തവിധത്തിലുള്ള ഉത്പന്നമാണിത്. ടോള്‍ പ്ലാസ കടന്നുപോകുമ്പോള്‍ ആവശ്യമായ തുക സേവിംഗ്സ് ബാങ്ക് അക്കൗണ്ടില്‍ തടഞ്ഞുവയ്ക്കുകയാണ് ചെയ്യുന്നത്. അടുത്ത ദിവസമായിരിക്കും തുക അക്കൗണ്ടില്‍നിന്ന ഡെബിറ്റ് ചെയ്യുക.

രാജ്യത്തെ 20 ആഭ്യന്തര വിമാനത്താവളങ്ങള്‍, ലോകത്തൊട്ടാകെ അഞ്ഞൂറിലധികം വിമാനത്തവളങ്ങള്‍ തുടങ്ങിയവയിലെ ലൗഞ്ചുകളില്‍ പ്രവേശനം ലഭിക്കും. ഇതോടൊപ്പം 10 ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ്, സ്ഥിരവൈകല്യ ഇന്‍ഷുറന്‍സ് എന്നീ കവറേജുകളും ലഭിക്കും.