കഫേ കോഫീ ഡേ ഓഹരികൾക്ക് വില്പന സമ്മർദ്ദം ; വിലയിടിവ് തുടരുന്നു

Posted on: August 2, 2019

ബംഗലുരു : കഫേ കോഫീ ഡേ സ്ഥാപകൻ വി.ജി. സിദ്ധാർത്ഥയുടെ മരണത്തെ തുടർന്ന് കോഫീ ഡേ എന്റർപ്രൈസസിന്റെ ഓഹരിവില തുടർച്ചയായി നാലാം ദിവസവും ഇടിഞ്ഞു. ഇന്ന് 99.90 – 99.45 രൂപ നിലവാരത്തിലാണ് ട്രേഡിംഗ് നടക്കുന്നത്. വിപണിയിൽ വിൽപ്പനക്കാർമാത്രമാണ് രംഗത്തുള്ളത്. ഇന്നലെ 110.95 രൂപയിലായിരുന്നു ക്ലോസിംഗ്.

പ്രമോട്ടറായ സിദ്ധാർത്ഥ കൈവശമുള്ള ഓഹരികളിൽ 75 ശതമാനം പണയപ്പെടുത്തിയിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. കമ്പനിയുടെ സാമ്പത്തിക ബാധ്യതകളെയും ഭാവിയെയും കുറിച്ചുള്ള ആശങ്കളാണ് നിക്ഷേപകരെ കോഫീ ഡേ ഓഹരികൾ വിൽക്കാൻ നിർബന്ധിതരാക്കുന്നത്. ആഗോള വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരിവിപണിയിലുണ്ടായ തകർച്ചയും കോഫീ ഡേ ഓഹരികളെയും ബാധിച്ചിട്ടുണ്ട്. പത്ത് രൂപ മുഖവിലയുള്ള കോഫീ ഡേ ഓഹരികളുടെ വിപണി മൂല്യം ഇന്ന് 2,110.40 കോടി രൂപയാണ്.