കഫേ കോഫീ ഡേ സ്ഥാപകൻ വി. ജി. സിദ്ധാർത്ഥയ്ക്ക് അന്ത്യാഞ്ജലി

Posted on: July 31, 2019

ചിക്കമംഗലരു : കഫേ കോഫീ ഡേ സ്ഥാപകൻ വി. ജി. സിദ്ധാർത്ഥയ്ക്ക് ജന്മനാടിന്റെ അന്ത്യാഞ്ജലി. നാട്ടുകാരും ജീവനക്കാരും ബന്ധുമിത്രാദികളും ഉൾപ്പടെ ആയിരക്കണക്കിന് ആളുകളെ സാക്ഷിനിർത്തി ചിക്കമംഗലുരുവിലെ ചീക്കനഹള്ളിയിലെ ചേതനഹള്ളി എസ്റ്റേറ്റ് വളപ്പിലായിരുന്നു സംസ്‌കാരം. കർണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ, മുൻ മുഖ്യമന്ത്രി എച്ച്. ഡി. കുമാരസ്വാമി, മുൻമന്ത്രിമാരായ ഡി. കെ. ശിവകുമാർ, കെ. ജെ. ജോർജ്, യു.ടി. ഖാദർ തുടങ്ങിയ നിരവധി പ്രമുഖർ സിദ്ധാർത്ഥയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.

മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര, പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, കർണാടക മുൻമുഖ്യമന്ത്രി സിദ്ധരാമയ്യ, കോൺഗ്ര് നേതാക്കളായ മല്ലികാർജുന ഖാർഗെ, മനീഷ് തിവാരി തുടങ്ങി നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.

കാപ്പിക്കൃഷിയിൽ 130 വർഷത്തെ പാരമ്പര്യമുള്ള ഹെഗ്‌ഡെ കുടുംബത്തിലെ ഏക മകനാണ് സിദ്ധാർത്ഥ. കർണാടക മുൻ മുഖ്യമന്ത്രിയും മഹാരാഷ്ട്ര മുൻ ഗവർണറും ബിജെപി നേതാവുമായ എസ്. എം. കൃഷ്ണയുടെ മകൾ മാളവിക ഹെഗ്‌ഡെയാണ് ഭാര്യ. അമർത്യ, ഇഷാൻ എന്നിവരാണ് മക്കൾ.

തിങ്കളാഴ്ച രാത്രി ഏഴുമണിയോടെയാണ് സിദ്ധാർത്ഥ മംഗലുരുവിലെ ഉള്ളാൾ പാലത്തിൽ നിന്നും നേത്രാവതി നദിയിൽ ചാടി ജീവനൊടുക്കിയത്. 36 മണിക്കൂർ നേരത്തെ തെരച്ചിലിന് ശേഷം ഇന്നു രാവിലെ ആറുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. വെൻലോക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം ചീക്കനഹള്ളിയിലെ തറവാട്ടിലേക്ക് കൊണ്ടുവരികയായിരുന്നു.