ഐ ഒ സി ക്ക് ലാഭം 6,099 കോടി രൂപ

Posted on: May 18, 2019

ന്യൂഡല്‍ഹി : ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ 2019 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള ക്വാര്‍ട്ടറില്‍ 6,009.27 കോടി രൂപ അറ്റാദായം നേടി. മുന്‍വര്‍ഷം നാലാം ക്വാര്‍ട്ടറില്‍ നേടിയ 5,218.10 കോടിയെ അപേക്ഷിച്ച് 16.88 ശതമാനം വര്‍ധന.

വിറ്റുവരവ് 1.36 ലക്ഷം കോടി രൂപയില്‍ നിന്ന് 1.44 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. അസംസ്‌കൃത എണ്ണ സംസ്‌ക്കരിച്ച് പെട്രോളും ഡീസലും ഉള്‍പ്പെടെയുള്ള ഇന്ധനമാക്കി മാറ്റുന്നതുവഴിയുള്ള ലാഭം ബാരലിന് 4.09 ഡോളറായി കുറഞ്ഞു. മുന്‍ വര്‍ഷം ഇത് 9.12 ഡോളറായിരുന്നു.

എന്നാല്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങി സ്‌റ്റോക്ക് ചെയ്തിരുന്ന അംസ്‌കൃത എണ്ണ കൂടിയ വിലയ്ക്ക് വിറ്റതിലൂടെ 2,655 കോടി രൂപയുടെ നേട്ടമുണ്ടാക്കാനായി. വിദേശനാണ്യ ഇനത്തില്‍ 837 കോടി രൂപയുടെ നേട്ടവുമുണ്ടായി. 2018-19 ല്‍ കമ്പനിയുടെ വാര്‍ഷിക അറ്റാദായം 21 ശതമാനം ഇടിഞ്ഞ് 16,894.15 കോടി രൂപയായി.