മാരുതിയുടെ വില്പനയിൽ 20 ശതമാനം ഇടിവ്

Posted on: May 2, 2019

ന്യൂഡൽഹി : മാരുതി കാറുകളുടെ വില്പന ഏപ്രിലിൽ 20 ശതമാനം ഇടിവ് രേഖപ്പെടുത്തി. വില്പന 2018 ഏപ്രിലിലെ 1,63,434 യൂണിറ്റുകളിൽ നിന്ന് 2019 ഏപ്രിലിൽ 1,31,385 യൂണിറ്റുകളായി കുറഞ്ഞു. ആൾട്ടോ, വാഗൺആർ തുടങ്ങിയ ചെറുകാറുകളുടെ വിഭാഗത്തിൽ 40 ശതമാനം ഇടിവുണ്ടായി. വില്പന കഴിഞ്ഞ ഏപ്രിലിലെ 37,794 യൂണിറ്റുകളിൽ നിന്ന് 22,766 യൂണിറ്റുകളായി.

സ്വിഫ്റ്റ്, സെലേറിയോ, ബെലേനോ, ഡിസയർ തുടങ്ങിയ മിഡ്‌സൈസ് കാറുകളുടെ വിഭാഗത്തിൽ 14 ശതമാനം കുറവുണ്ടായി. 83,834 യൂണിറ്റുകളിൽ നിന്ന് 72,146 യൂണിറ്റുകളായി. മിഡ്‌സൈസ് സെഡാനായി സിയാസിന്റെ വില്പന 5,116 യൂണിറ്റുകളിൽ നിന്ന് 45 ശതമാനം കുറഞ്ഞ് 2,789 യൂണിറ്റുകളായി. അതേസമയം വിറ്റാര ബ്രെസ, എസ് – ക്രോസ് എന്നിവയുടെ വില്പന 20,804 യൂണിറ്റുകളിൽ നിന്ന് 6 ശതമാനം വർധിച്ച് 22,035 യൂണിറ്റുകളായി.