ജെറ്റ് എയർവേസ് പ്രതിസന്ധി രൂക്ഷം ; സർവീസുകൾ നാളെ മുതൽ നിലച്ചേക്കും

Posted on: April 15, 2019

മുംബൈ : സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട ജെറ്റ് എയർവേസിന്റെ വിമാനസർവീസുകൾ നാളെ മുതൽ നിലച്ചേക്കും. കുടിശിക തീർക്കാത്തതിനാൽ ജെറ്റ് എയർവേസിനുള്ള ഇന്ധനവിതരണം നാളെ അവസാനിപ്പിക്കുമെന്ന് എണ്ണക്കമ്പനികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഏഴ് ആഭ്യന്തര സർവീസുകൾ മാത്രമാണ് ഇന്ന് നടത്തിയത്. ജനുവരി മുതൽ ശമ്പളം കുടിശികയായതിനാൽ 1,100 പൈലറ്റുമാരും ഇനി ജോലിക്ക് കയറില്ലെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു.

ലീസിംഗ് കുടിശികയായതിനാൽ 120 വിമാനങ്ങളിൽ 113 ഉം നിലത്തിറക്കേണ്ടി വന്നു. എസ് ബി ഐ യുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കൺസോർഷ്യം 1,500 കോടി രൂപ അടിയന്തരമായി നൽകിയില്ലെങ്കിൽ ജെറ്റ് എയർവേസിന് ഇനി മുന്നോട്ടുപോകാനാവില്ല. ജെറ്റിലെ 20,000 ലേറെ ജീവനക്കാരെ രക്ഷിക്കാൻ ഇടപെടണമെന്ന് പൈലറ്റുമാരുടെ സംഘടനയായ നാഷണൽ എവിയേറ്റേഴ്‌സ് ഗിൽഡ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.