ഡെബിറ്റ് – ക്രെഡിറ്റ് കാർഡ് ഇടപാടുകളിൽ സെപ്റ്റംബറിൽ വൻ കുതിപ്പ്

Posted on: November 20, 2017

ന്യൂഡൽഹി : ഡെബിറ്റ് – ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള സാമ്പത്തിക ഇടപാടുകളിൽ സെപ്റ്റംബർ മാസം വൻ കുതിപ്പ്. രാജ്യത്ത് 74,090 കോടി രൂപയുടെ കാർഡ് ഇടപാടുകളാണ് സെപ്റ്റംബറിൽ നടന്നത്. മുൻവർഷം ഇതേ മാസത്തെ അപേക്ഷിച്ച് 84 ശതമാനം വളർച്ചയുണ്ടായി. 2016 സെപ്റ്റംബറിൽ 40,130 കോടിയുടെ കാർഡ് ഇടപാടുകളാണ് നടന്നത്. കാർഡുകളുടെ എണ്ണം 2017 സെപ്റ്റംബറിൽ 853 ദശലക്ഷമായി. ഇതിൽ 33.3 ദശലക്ഷം ക്രെഡിറ്റ് കാർഡുകളാണ്. ഡെബിറ്റ് കാർഡുകൾ 819.8 ദശലക്ഷം.

നോട്ട് നിരോധനത്തെ തുടർന്ന് കഴിഞ്ഞ വർഷം നവംബർ മുതൽ ഈ വർഷം സെപ്റ്റംബർ വരെയുള്ള കാലയളവിൽ ഡിജിറ്റൽ ഇടപാടുകളിൽ 31 ശതമാനം വളർച്ചയുണ്ടായതായി റിസർവ് ബാങ്ക് വെളിപ്പെടുത്തി. യുപിഐ (യുണിഫൈഡ് പേമെന്റ്‌സ് ഇന്റർഫേസ് ) വഴിയുള്ള ഇടപാടുകളിൽ 85 ശതമാനം വളർച്ചയുണ്ടായി.