കണ്ണൂർ വിമാനത്താവളം അടുത്ത വർഷം സെപ്റ്റംബറിൽ

Posted on: September 19, 2017

തിരുവനന്തപുരം : കണ്ണൂർ വിമാനത്താവളം അടുത്തവർഷം സെപ്റ്റംബറിൽ പൂർത്തിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മാസ്‌കറ്റ് ഹോട്ടലിൽ ചേർന്ന കണ്ണൂർ വിമാനത്താവള കമ്പനിയുടെ (കിയാൽ) വാർഷിക പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദേഹം.

ആഭ്യന്തര, അന്താരാഷ്ട്ര വിമാനക്കമ്പനികൾ ഇവിടെ നിന്ന് സർവീസ് നടത്താൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ജെറ്റ് എയർവേസിന് അബുദാബിയിലേക്കും ഗോ എയറിന് ദമാമിലേക്കും ഒരോ സർവീസ് വീതം നടത്തുന്നതിന് കേന്ദ്ര വ്യോമയാന വകുപ്പിന്റെ അനുമതിയായി. വിമാനത്താവളത്തിലെ റൺവേയുടെ നീളം 3050 മീറ്ററിൽ നിന്ന് 4000 മീറ്ററാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനാവശ്യമായ ഭൂമിയേറ്റെടുക്കൽ നടപടി പുരോഗമിക്കുകയാണ്. ഇതോടെ കേരളത്തിലെ ഏറ്റവും വലിയ റൺവേയോടു കൂടിയ വിമാനത്താവളമായി കണ്ണൂർ മാറും.

നിലവിൽ 84 തസ്തികകളിൽ നിയമനം നടത്തി. ബാക്കിയുള്ള 94 തസ്തികകളിൽ നിയമനം നടത്താൻ നടപടി പുരോഗമിക്കുന്നു. സ്ഥലമേറ്റെടുത്തപ്പോൾ വീട് നഷ്ടപ്പെട്ടവർക്കായി 41 തസ്തികകൾ നീക്കി വയ്ക്കും. റൺവേയുടെയും സേഫ്റ്റി ടെർമിനലിന്റേയും നിർമ്മാണം മഴയൊഴിഞ്ഞ ശേഷം എൽ ആൻഡ് ടി ആരംഭിക്കും. 2018 ജനുവരിയിൽ പ്രവൃത്തി പൂർത്തിയാകും. ഇന്റഗ്രേറ്റഡ് പാസഞ്ചർ ടെർമിനലും ജനുവരിയിൽ പൂർത്തിയാകും. 498 കോടി രൂപയാണ് ഇതിനുള്ള ചെലവ്. ഡിസംബറോടെ എക്‌സ്‌റേ മെഷീനും 2018 മാർച്ചിൽ ലഗേജ് സംവിധാനവും ഫെബ്രുവരിയിൽ പാസഞ്ചർ ബോർഡിംഗ് ടെർമിനലും തയാറാവും. എസ്‌കലേറ്റർ സംവിധാനം ജനുവരിക്ക് മുൻപ് പൂർത്തിയാകും. വിമാനത്താവളത്തിന് പുറത്തെ റോഡ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യവികസനത്തിനുള്ള 126 കോടി രൂപയുടെ പ്രവൃത്തിക്കുള്ള ടെൻഡർ നടപടി അവസാന ഘട്ടത്തിലാണ്.

വിമാനത്താവളത്തിന്റെ ചെറിയ ഓഹരികൾ എടുത്തവർക്ക് കൂടുതൽ ഓഹരികൾ വാങ്ങാൻ തടസമില്ല. വിമാനത്താവള ബോർഡിന്റെ പ്രവർത്തനം സുതാര്യമാണെന്നും അദേഹം പറഞ്ഞു. മന്ത്രിമാരും ഡയറക്ടർമാരുമായ ഇ. ചന്ദ്രശേഖരൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ.കെ. ശൈലജ ടീച്ചർ, ചീഫ് സെക്രട്ടറി ഡോ. കെ. എം. എബ്രഹാം, എം.ഡി ബാലകിരൺ തുടങ്ങിയവർ സംബന്ധിച്ചു.

 

TAGS: Kannur Airport |