കണ്ണൂര്‍ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോള്‍ പദവി നല്‍കണമെന്ന് കെ. സുധാകരന്‍ എം പി

Posted on: February 13, 2021

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവള വികസനത്തിന് കേന്ദ്രസര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കെ.സുധാകരന്‍ എംപി ലോക്‌സഭയില്‍ പ്രമേയം അവതരിപ്പിച്ചു. അഞ്ചു പ്രധാന നിര്‍ദേശങ്ങളാണ് എംപി പ്രമേയത്തിലൂടെ മുന്നോട്ടുവച്ചത്. വിദേശവിമാന കമ്പനികള്‍ക്ക് അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്തുവാനുള്ള പോയിന്റ് ഓഫ് കോള്‍ പദവി നല്‍കണമെന്ന് എംപി ആവശ്യപ്പെട്ടു.

കണ്ണൂര്‍ വിമാനത്താവളം ഒരു ഇന്റീരിയര്‍ പോയിന്റായതിനാല്‍ പോയിന്റ് ഓഫ് കോള്‍ പദവി നല്‍കാനാകില്ലെന്ന് വ്യാമയാന മന്ത്രാലയം അറിയിച്ചിരുന്നു. എന്നാല്‍ കണ്ണൂര്‍ വിമാനത്താവളം മട്ടന്നു
ര്‍ മുനിസിപ്പാലിറ്റിയുടെ പരിധിയില്‍ വരുന്നതിനാലും പ്രവാസികളില്‍ ഏറിയ പേരും ഈ മേഖലയില്‍ താമസിക്കുന്നതിനാലും പോയിന്റ് ഓഫ് കോള്‍ പദവിക്ക് അര്‍ഹമാണെന്ന് എംപി ചൂണ്ടിക്കാട്ടി.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാന സര്‍വീസുകള്‍ക്ക് വിലക്ക് നിലനില്‍ക്കുന്നതിനാല്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാന സര്‍വീസുകള്‍ക്ക് അനുമതി നല്‍കണമെന്നും ഏറ്റവും കൂടുതല്‍ ഹജ്തീര്‍ഥാടകരുള്ളതിനാല്‍ കണ്ണൂര്‍ വിമാനത്താവളം ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റാക്കി മാറ്റണമെന്നും കേന്ദ്രസര്‍ക്കാരിലേക്ക് തിരിച്ചടയ്‌ക്കേണ്ട എമിഗ്രഷന്‍, കസ്റ്റംസ്, സെക്യൂരിറ്റി സര്‍വീസുകളുടെ ചെലവുകള്‍ പോയിന്റ് ഓഫ് കോള്‍ പദവി ലഭിക്കുന്നതുവരെ നിര്‍ത്തിവയ്ക്കണമെന്നും എംപി ആവശ്യപ്പെട്ടു.

വിദേശ രാജ്യങ്ങളില്‍ മരിക്കുന്ന പ്രവാസികളുടെ മൃതദേഹങ്ങള്‍ എയര്‍പോര്‍ട്ടില്‍ എത്തിക്കുമ്പോള്‍ പരിശോധിച്ച് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള മുഴുവന്‍ സമയ ഹെല്‍ത്ത് ഓഫീസറെ നിയമിക്കണമെന്നും പച്ചക്കറി -പഴവര്‍ഗങ്ങളുടെ ഇറക്കുമതി, കയറ്റുമതിക്ലിയറന്‍സിന് വേണ്ടിയുള്ള പ്ലാന്റ് ക്വാറന്റെയിന്‍ ഓഫീസറെ അടിയന്തരമായി നിയമിക്കണമെന്നും കെ.സു ധാകരന്‍ എംപി പ്രമേയത്തിലുടെ ആവശ്യപ്പെട്ടു.

 

TAGS: Kannur Airport |