സ്‌നാപ്ഡീലിൽ നിക്ഷേപവുമായി രത്തൻ ടാറ്റാ

Posted on: August 27, 2014

Ratan-Tata-big

ഓൺലൈൻ ഷോപ്പിംഗ് വെബ്‌സൈറ്റായ സ്‌നാപ്ഡീലിൽ ടാറ്റാസൺസ് എമിരറ്റസ് ചെയർമാൻ രത്തൻ ടാറ്റാ നിക്ഷേപം നടത്തി. മുതൽമുടക്ക് എത്രയെന്ന് വെളിപ്പെടുത്തിയിട്ടില്ല. രത്തൻ ടാറ്റായുടേത് വ്യക്തിപരമായ നിക്ഷേപമാണെന്ന് സ്‌നാപ്ഡീൽ സിഇഒ കുനാൽ ബാഹൽ പ്രതികരിച്ചു. രത്തൻ ടാറ്റായെപ്പോലെ ഒരു ആദരണീയ വ്യക്തിത്വത്തിന്റെ മുതൽമുടക്ക് കമ്പനിയെ കൂടുതൽ മൂല്യമുള്ളതാക്കുന്നുവെന്നും ബഹാൽ പറഞ്ഞു.

നാലുവർഷം മുമ്പ് ആരംഭിച്ച സ്‌നാപ്ഡീൽ കഴിഞ്ഞ രണ്ടുവർഷവും 600 ശതമാനം വളർച്ചകൈവരിച്ചിരുന്നു. 500 വ്യത്യസ്ത വിഭാഗങ്ങളിലായി 50 ലക്ഷം ഉത്പന്നങ്ങളാണ് സ്‌നാപ്ഡീൽ അവതരിപ്പിച്ചിട്ടുള്ളത്. 50,000 ൽപ്പരം സെല്ലർമാരുടെ ശൃംഖലയും ഇതിന്റെ ഭാഗമായുണ്ടെന്ന് ബാഹൽ വിശദീകരിച്ചു.

നിക്ഷേപസ്ഥാപനങ്ങളായ ടെമാസെക്, ബ്ലാക്‌റോക്ക്, മൈറെയ്ഡ്, പ്രേംജി ഇൻവെസ്റ്റ്, ടൈബോൺ തുടങ്ങിയവ ന്യൂഡൽഹി ആസ്ഥാനമായുള്ള സ്‌നാപ്ഡീലിൽ മൂലധന നിക്ഷേപം നടത്തിയിട്ടുണ്ട്. ഇതേവരെ 2,400 കോടി (400 മില്യൺ ഡോളർ) രൂപ സമാഹരിച്ച സ്‌നാപ്ഡീൽ ലോജിസ്റ്റിക്‌സ്, ഓപറേഷൻ മേഖലകളിൽ 600 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്.